മലപ്പുറം. കേരള രാഷ്ട്രീയത്തിൽ തനതായ വ്യക്തിത്വം കൊണ്ടും ജനകീയ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയനായ ഏറനാട് എം.എൽ.എ പി.കെ. ബഷീർ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യു.ഡി.എഫ്. മന്ത്രിസഭയിലൂടെ മന്ത്രിപദവിയിലേക്ക് ഉയരുകയാണ്. മുസ്ലിം ലീഗിന്റെ കരുത്തനായ ജനപ്രതിനിധിയായ അദ്ദേഹം, തന്റെ പാർലമെന്ററി രംഗത്തെ നീണ്ട വർഷത്തെ പരിചയസമ്പത്തുമായാണ് ഇത്തവണ ഭരണാധികാരിയുടെ റോളിലേക്ക് ചുവടുവെക്കുന്നത്.
കേരള നിയമസഭയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അന്തരിച്ച പ്രമുഖ മുസ്ലിം ലീഗ് നേതാവ് പി. സീതി ഹാജിയുടെ മകനാണ് പി.കെ. ബഷീർ എന്നതും ഈ മന്ത്രിപദവിക്ക് മധുരമേറിയ മറ്റൊരു ചരിത്ര നിയോഗം നൽകുന്നു.
എം.എസ്.എഫിൽ നിന്ന് മന്ത്രിപദവിയിലേക്ക്:
1959 സെപ്റ്റംബർ 25-ന് എടവണ്ണയിൽ ജനിച്ച പി.കെ. ബഷീർ 1977-ൽ എം.എസ്.എഫിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.
എടവണ്ണ സഹകരണ ബാങ്ക് പ്രസിഡന്റായി 13 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം പ്രാദേശിക തലത്തിൽ വലിയ ജനകീയ അടിത്തറയുണ്ടാക്കി.
പിന്നീട് മുസ്ലിം യൂത്ത് ലീഗ് എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് (1985), വണ്ടൂർ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് (1990) എന്നീ പദവികൾ വഹിച്ചു.
2001 മുതൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായും, 2004 മുതൽ മുസ്ലിം ലീഗ് സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായും പാർട്ടിയുടെയും ജനങ്ങളുടെയും വിശ്വസ്തനായി മാറി.

ഏറനാടിന്റെ പ്രിയപ്പെട്ട ബഷീർ
2011-ൽ പുതുതായി രൂപീകരിക്കപ്പെട്ട ഏറനാട് നിയോജകമണ്ഡലത്തിൽ നിന്നാണ് പി.കെ. ബഷീർ ആദ്യമായി നിയമസഭയിലെത്തുന്നത്. തുടർന്നുള്ള എല്ലാ പൊതുതിരഞ്ഞെടുപ്പുകളിലും ഏറനാട്ടുകാർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ വലിയ ഭൂരിപക്ഷത്തോടെ നിയമസഭയിലേക്ക് അയച്ചു. മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളിലും സാധാരണക്കാരുടെ ആവശ്യങ്ങളിലും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നേരിട്ടിടപെടുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ പ്രശംസനീയമാണ്. തന്റെ പിതാവിനെപ്പോലെ തന്നെ നിയമസഭയ്ക്കകത്തും പുറത്തും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാൻ അദ്ദേഹം മടിക്കാറില്ല.
പിതാവിന്റെ വഴിയെ… ഒരു അപൂർവ്വ ചരിത്ര നിയോഗം
പി.കെ. ബഷീർ മന്ത്രിസഭയിലേക്ക് എത്തുമ്പോൾ മലബാറിലെ പഴയകാല രാഷ്ട്രീയ ചരിത്രമാണ് പലരുടെയും ഓർമ്മകളിൽ നിറയുന്നത്. 1991-ലെ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് കേരള നിയമസഭയുടെ ചീഫ് വിപ്പായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു അദ്ദേഹത്തിന്റെ പിതാവ് പി. സീതി ഹാജി. സഭയിലെ ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരുടെയും പ്രിയങ്കരനായിരുന്നു അദ്ദേഹം.
പിതാവ് നിയമസഭയിൽ ചീഫ് വിപ്പായി തിളങ്ങി ഏതാണ്ട് മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷം, മകൻ പി.കെ. ബഷീർ സംസ്ഥാനത്തിന്റെ ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് മലപ്പുറത്തെ മുസ്ലിം ലീഗ് പ്രവർത്തകർക്കും എടവണ്ണയിലെ ജനങ്ങൾക്കും വലിയ ആവേശമാണ് നൽകുന്നത്.
പുതിയ ദൗത്യവും പ്രതീക്ഷകളും
ഭരണപക്ഷത്ത് മന്ത്രിയായി എത്തുന്നതോടെ വികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ പി.കെ. ബഷീറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതീക്ഷകൾ
ദീർഘകാലം സഹകരണ മേഖലയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രവർത്തിച്ച പരിചയം ഭരണരംഗത്ത് അദ്ദേഹത്തിന് വലിയ കരുത്താകും.
സാധാരണക്കാരുടെ പ്രശ്നങ്ങൾ കൃത്യമായി അറിയാവുന്ന നേതാവായതിനാൽ, മലബാറിന്റെ കാർഷിക-വികസന മേഖലകളിൽ പുതിയ പദ്ധതികൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കും.
. സീതി ഹാജി: മലബാറിന്റെ ‘പച്ച’യായ നേതാവ്
കേരള രാഷ്ട്രീയത്തിൽ ‘പച്ച’യായ മനുഷ്യത്വവും തനതായ ഹാസ്യശൈലിയും കൊണ്ട് സ്വന്തമായി ഒരിടം വെട്ടിത്തുറന്ന നേതാവായിരുന്നു പത്തായക്കോടൻ സീതി ഹാജി (പി. സീതി ഹാജി). ഉയർന്ന ബിരുദങ്ങളല്ല, മറിച്ച് ജനങ്ങളുടെ മനസ്സറിയുന്ന ‘ലോക പരിചയമാണ്’ ഒരു ജനപ്രതിനിധിയുടെ യഥാർത്ഥ യോഗ്യത എന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1991 ഡിസംബർ 5-ന് വിടപറഞ്ഞെങ്കിലും, ഇന്നും ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടനവധി നർമ്മകഥകളിലൂടെ അദ്ദേഹം കേരളീയരുടെ മനസ്സിൽ ജീവിക്കുന്നു.
1932 ആഗസ്റ്റ് 16-നായിരുന്നു സീതി ഹാജിയുടെ ജനനം. കഠിനമായ ദാരിദ്ര്യവും ജീവിത പ്രതിസന്ധികളും കാരണം വിദ്യാലയ മുറ്റത്ത് അധികകാലം ചിലവഴിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. എന്നാൽ കഠിനാധ്വാനത്തിലൂടെ ജീവിതം പച്ചപിടിപ്പിച്ച അദ്ദേഹം, മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായി വളർന്നു.
ഏറനാടിന്റെ വീരപുത്രൻ ബാപ്പു കുരിക്കളാണ്സീതി ഹാജിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. പിൽക്കാലത്ത് മുസ്ലിം ലീഗിന്റെ പ്രഗത്ഭനായ നേതാവ് സി.എച്ച്. മുഹമ്മദ് കോയഅദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവുമായി മാറി. കൊണ്ടോട്ടിയിൽ നിന്നും താനൂരിൽ നിന്നും വിജയിച്ച് നിയമസഭയിലെത്തിയ അദ്ദേഹം 1991-ൽ കെ. കരുണാകരൻ മന്ത്രിസഭയുടെ കാലത്ത് ചീഫ് വിപ്പായും തിളങ്ങി.
നിയമസഭയെ ചിരിപ്പിച്ച (ചിന്തിപ്പിച്ച) ‘എൽ.പി’ ബിരുദധാരി
തനിക്ക് വലിയ വിദ്യാഭ്യാസയോഗ്യതയില്ല എന്ന് പരസ്യമായി പറയാൻ സീതി ഹാജിക്ക് ഒരിക്കലും മടിയുണ്ടായിരുന്നില്ല. തനിക്ക് എൽ.പി’ (ലോക പരിചയം) ബിരുദമാണുള്ളത് എന്ന് അദ്ദേഹം നർമ്മത്തോടെ പറയുമായിരുന്നു. നിയമസഭയിൽ വാക്ശരങ്ങൾ കൊണ്ട് എതിരാളികളെ നേരിടുന്നതിനിടയിലും ഹാസ്യത്തിന്റെ മാലപ്പടക്കത്തിന് അദ്ദേഹം തിരികൊളുത്തി.
ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട കാരണം!
ഒരിക്കൽ നിയമസഭയിൽ വെച്ച് തനിക്കും ഇ.കെ. നായനാർക്കും ഇംഗ്ലീഷ് അറിയില്ലെന്ന് സീതി ഹാജി തമാശയായി പറഞ്ഞു. ഇതുകേട്ട് പ്രകോപിതനായ നായനാർ എഴുന്നേറ്റ് തനിക്ക് നന്നായി ഇംഗ്ലീഷ് അറിയാമെന്ന് കാണിച്ച് തുരുതുരാ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങി.
നായനാർ പറഞ്ഞു നിർത്തിയ ഉടൻ സീതി ഹാജി തന്റെ തനത് ശൈലിയിൽ തിരിച്ചടിച്ചു: ഇപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹം കൊണ്ടോ ക്വിറ്റ് ഇന്ത്യ സമരം കൊണ്ടോ ഒന്നുമല്ല ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത്; എന്റെയും നായനാരുടെയും ഇംഗ്ലീഷ് കേട്ടിട്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് അവർ നാടുവിട്ടത്!”
ഈ മറുപടി കേട്ട് അന്നത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാക്കളും ഉൾപ്പെടെ നിയമസഭയിലുണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു.
സ്വയം ട്രോളിയ നേതാവ്
തനിക്കെതിരെ നാട്ടിൽ പ്രചരിക്കുന്ന നർമ്മ കഥകൾ കേട്ട് ദേഷ്യപ്പെടുന്നതിന് പകരം, അത് മറ്റുള്ളവരേക്കാൾ ആസ്വദിച്ച നേതാവായിരുന്നു അദ്ദേഹം. ട്രെയിൻ യാത്രകളിലും സാധാരണക്കാർക്കിടയിലും അദ്ദേഹം പുലർത്തിയ ലാളിത്യം ഇതിന് ഉദാഹരണമാണ്.
ആ അജ്ഞാത യാത്രികൻ: ഒരിക്കൽ ട്രെയിൻ യാത്രയ്ക്കിടയിൽ രണ്ട് വിദ്യാർത്ഥികൾ ‘സീതി ഹാജി ഫലിതങ്ങൾ’ പറഞ്ഞ് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. സഹയാത്രികനായ ഒരു പ്രായമായ മനുഷ്യൻ അവരോടൊപ്പം ചേരുകയും കൂടുതൽ സീതി ഹാജി കഥകൾ ചോദിച്ചറിഞ്ഞ് യാത്ര ആനന്ദകരമാക്കുകയും ചെയ്തു. യാത്രയുടെ ഒടുവിൽ അദ്ദേഹം കുട്ടികളോട് ചോദിച്ചു, “നിങ്ങൾ ഈ പറയുന്ന സീതി ഹാജിയെ നേരിട്ട് കണ്ടിട്ടുണ്ടോ?” ഇല്ലെന്ന് കുട്ടികൾ മറുപടി നൽകിയപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്നാൽ ഇത്രയും നേരം നിങ്ങൾ ഈ പറഞ്ഞു ചിരിച്ച സീതി ഹാജി ഞാൻ തന്നെയാണ്.” കുട്ടികൾ അത്ഭുതത്തോടെയും ആദരവോടെയും ആ ജനനായകനെ നോക്കിനിന്നു.
ത്യാഗസന്നദ്ധതയുടെയും കരുത്തിന്റെയും പ്രതീകം
കേവലം ഒരു ഫലിതക്കാരൻ മാത്രമായിരുന്നില്ല സീതി ഹാജി. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം പകരാൻ അദ്ദേഹം മുന്നിൽ നിന്നു. പാർട്ടിക്കായി തന്റെ സമ്പത്തും ശരീരവും ഒരുപോലെ വിനിയോഗിക്കാൻ അദ്ദേഹം മടിച്ചില്ല.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, ചന്ദ്രിക ഡയറക്ടർ, വിവിധ വിദ്യാഭ്യാസ-ധർമ്മ സ്ഥാപനങ്ങളുടെ അമരക്കാരൻ എന്നീ നിലകളിലെല്ലാം അദ്ദേഹം തിളങ്ങി. വലിയ തത്വശാസ്ത്രങ്ങൾ പറയുന്നതിനേക്കാൾ സാധാരണക്കാരന്റെ ഭാഷയിൽ രാഷ്ട്രീയം സംസാരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.
പദവികളുടെ അഹങ്കാരമില്ലാതെ, ജനങ്ങൾക്കിടയിൽ ജീവിച്ച്, അവരെ ചിരിപ്പിക്കുകയും പ്രതിസന്ധികളിൽ അവർക്ക് തണലാവുകയും ചെയ്ത പത്തായക്കോടൻ സീതി ഹാജി എന്ന ‘പച്ച’ മനുഷ്യൻ കേരള രാഷ്ട്രീയ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഒരു അധ്യായമാണ്.
തയ്യാറാക്കിയത്
രഞ്ജിത്ത് എം നിലമ്പൂർ