_ഞായറാഴ്ച ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ച സമാപിക്കും_
പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ നാലുമാസം നീണ്ടുനിന്ന നേർച്ചയുടെ സമാപന പരിപാടികൾക്ക് നാളെ (വ്യാഴാഴ്ച) തുടക്കമാകും.
നാളെ വ്യാഴാഴ്ച വൈകിട്ട് 4:00 മണിക്ക് ഒടമല ശൈഖ് ഫരീദ് ഔലിയ ദഅവ കോളേജ് വിദ്യാർത്ഥി സംഘടന ഇമാദ് സംഘടിപ്പിക്കുന്ന അഖില കേരള ഖവ്വാലി മത്സരം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും.
വെള്ളിയാഴ്ച രാത്രി 7:00 മണിക്ക് ദിക്ർ ദുആ സമ്മേളനത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട് നേതൃത്വം നൽകും. മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അധ്യക്ഷതവഹിക്കും.അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ മുഖ്യപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ10:00 മണിക്ക് മഹല്ല് വനിതാ സംഗമവും ഹിമായ സനദ് ദാന സമേമളനവും നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത് സുൽഫത് ബീവി ഉദ്ഘാടനവും സനദ് ദാനവും നിർവഹിക്കും. ഹാഫിളത് സയ്യിദ ശിഫ്ന ഫാളില, റുഖിയ്യ ടീച്ചർ ഒളവട്ടൂർ എന്നിവർ വിഷയാവതരണം നടത്തും. ഞായറാഴ്ച രാവിലെ 9 മണിക്ക് മൗലീദ് പാരായണത്തിന് ഏലംകുളം ബാപ്പു മുസ്ലിയാർ നേതൃത്വം നൽകും. തുടർന്ന് ജാതിമതഭേദമന്യേ ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നേർച്ച പരിപാടികൾക്ക് സമാപനമാകും.