മലപ്പുറം: വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളുടെ വലിയൊരു വിഭാഗം തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും കേരളത്തിലേക്ക് മടങ്ങിയെത്താത്തത് മലപ്പുറത്തെ തൊഴിൽ മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളുന്നു. വിമാന ടിക്കറ്റും കൂലിവർദ്ധനയും ഉൾപ്പെടെ തൊഴിലുടമകൾ നൽകിയ ആകർഷക വാഗ്ദാനങ്ങൾക്കുപോലും പ്രതികരണം മന്ദമാണ്.
കെട്ടിടനിർമാണം, ഹോട്ടൽ, പഴം,പച്ചക്കറി, മീൻ,ഇറച്ചി വ്യാപാരശാലകൾ, ക്വാറികൾ തുടങ്ങി വിവിധ മേഖലകളിൽ ജോലി ചെയ്തിരുന്ന ബംഗാൾ, അസം സ്വദേശികളായ ലക്ഷക്കണക്കിന് തൊഴിലാളികൾ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയിട്ടുണ്ട്. ഭരണമാറ്റത്തെത്തുടർന്ന് ചില പ്രദേശങ്ങളിൽ അക്രമം വർധിച്ചെന്ന റിപ്പോർട്ടുകൾ പശ്ചാത്തലമാക്കി, കേരളത്തിലേക്ക് മടങ്ങാൻ പുറപ്പെട്ടവരിൽ പലരും കുടുംബസുരക്ഷ പരിഗണിച്ച് വീണ്ടും നാട്ടിലേക്കു മടങ്ങിയതായും സൂചനയുണ്ട്.
വോട്ടുചെയ്യാത്തവർ പട്ടികയിൽ നിന്ന് ഒഴിവാകുമെന്ന പ്രചാരണവും, നാട്ടിൽ തുടരാത്തപക്ഷം സർക്കാർ ആനുകൂല്യങ്ങൾ നഷ്ടമാകുമെന്ന ആശങ്കയും തൊഴിലാളികൾക്കിടയിൽ വ്യാപകമായി പ്രചരിച്ചതായി പറയുന്നു. ഉയർന്ന കൂലിയും തൊഴിൽ ഉറപ്പും വാഗ്ദാനം ചെയ്ത നീക്കങ്ങളും ഇവരെ നാട്ടിൽ പിടിച്ചിരുത്താൻ കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. വർഷങ്ങളായി കേരളത്തിൽ ജോലി ചെയ്ത് സാമ്പത്തികമായി മെച്ചപ്പെട്ടവരിൽ പലരും ഇനി തിരിച്ചുവരാൻ താത്പര്യം കാണിക്കാത്തതും ശ്രദ്ധേയമാണ്.
മലപ്പുറത്തെ നിർമ്മാണ മേഖല തളരുന്നു.
തൊഴിലാളികളുടെ ക്ഷാമം മൂലം കെട്ടിടനിർമാണ പ്രവർത്തനങ്ങൾ വ്യാപകമായി മന്ദഗതിയിലായി. നിശ്ചിത സമയത്ത് വീടുകളും കെട്ടിടങ്ങളും പൂർത്തിയാക്കാനാകാത്തത് വൻകിട-ചെറുകിട നിർമ്മാണ മേഖലയെ ഒരുപോലെ ബാധിക്കുന്നു. ഇതോടെ കരാറുകാരും ഗൃഹനിർമാതാക്കളും തമ്മിലുള്ള തർക്കങ്ങൾ വർധിച്ചിരിക്കുകയാണ്. ഹോട്ടൽ മേഖലയിലും കനത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക ചക്രവാളത്തിൽ നിർണായക പങ്കുവഹിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിവരവ് വൈകുന്നത്, തൊഴിൽ വിപണിയിൽ ദീർഘകാല പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാകുന്നു.