കൊച്ചി. പുതിയ കാലത്തെയും ലോകത്തെയും നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ ശക്തിപ്പെടുത്തിവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊതുവിദ്യാഭ്യാസ മേഖല തകര്‍ച്ച നേരിട്ടപ്പോള്‍ 2016 ല്‍ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. നാടാകെ ഒന്നിച്ചുകൊണ്ടുള്ള ജനകീയ ക്യാംപയിനായിരുന്നു അത്. അതിന്റെ മാറ്റം പൊതു വിദ്യാഭ്യാസ മേഖലയിലാകെ ഇന്ന് പ്രകടനമാണ്. പലവിധ സൗകര്യങ്ങളാണ് സ്‌കൂളുകളില്‍ കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഹൈടെക് ക്ലാസ് റൂം, റോബോട്ടിക് കിറ്റ്, വിജ്ഞാനത്തോടൊപ്പം വിനോദവും കുട്ടികളുടെ നൈസര്‍ഗിക വാസനകളും പ്രോത്സാഹിപ്പിക്കുന്ന പുത്തന്‍ പാഠ്യപദ്ധതികളുമൊക്കെയായി വിപുലമായ സൗകര്യങ്ങളാണു നമ്മുടെ സ്‌കൂളുകളില്‍. ഈ സൗകര്യങ്ങള്‍ എല്ലാം സന്തോഷത്തോടെ ഉപയോഗപ്പെടുത്തി ജീവിതത്തില്‍ മുന്നേറാന്‍ കുട്ടികള്‍ക്കു കഴിയട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
പാഠപുസ്തകങ്ങളും യൂണിഫോമുകളും അധ്യയന വര്‍ഷാരംഭം മുന്‍പ് തന്നെ വിതരണം ചെയ്തു. അറിവും നൈപുണിയും കൈമുതലായ വികസിത വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീര്‍ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് സ്‌കൂളുകളിലെ മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
13,000 വിദ്യാലയങ്ങളും 45 ലക്ഷത്തിലധികം വിദ്യാര്‍ഥികളും 2 ലക്ഷത്തോളം അധ്യാപകരും 20,000ത്തിലധികം അധ്യാപകേതര ജീവനക്കാരും അടങ്ങുന്നതാണു നമ്മുടെ വിദ്യാഭ്യാസ മേഖല.
കുട്ടികളുടെ വിദ്യാഭ്യാസം അവരുടെയും കുടുംബത്തിന്റെയും മാത്രമല്ല സമൂഹത്തിന്റെയാകെ ഉത്തരവാദിത്വമാണ്. അത് കോവിഡ് മഹാമാരിക്കാലത്തു പ്രകടമായി. അന്ന് കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ജനകിയ മുന്‍കൈകളും സമന്വയിച്ചു മുന്നോട്ടുപോയി. നീതി ആയോഗിന്റെ സ്‌കൂള്‍ എജ്യുക്കേഷന്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് ചെറിയ കാര്യമല്ല.അക്കാദമിക് രംഗത്തും അടിസ്ഥാനസൗകര്യ വികസന രംഗത്തും വലിയ മുന്നേറ്റമാണു നമുക്ക് ഉണ്ടാക്കുവാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 973 സ്‌കൂളുകള്‍ക്കു കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് ലഭ്യമാക്കിയത് കിഫ്ബിയില്‍ നിന്നാണ്. 2000 സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനവും സാധ്യമാക്കി. എയ്ഡഡ് വിദ്യാലയങ്ങള്‍ക്കായി പ്രത്യേക ചാലഞ്ച് ഫണ്ടും ഇതോടൊപ്പം ലഭ്യമാക്കി.
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികള്‍ക്കു വിവര സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി 1.5 ലക്ഷം ലാപ്‌ടോപ്, 70,000 പ്രോജക്ടറുകള്‍, രണ്ടായിരത്തോളം റോബോട്ടിക് കിറ്റുകള്‍ എന്നിവ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലഭ്യമാക്കി. ഇക്കാലയളവില്‍ സംസ്ഥാനത്ത് 30373 അധ്യാപകരെയും നിയമിച്ചു.
കുട്ടികളില്‍ പാരിസ്ഥിതിക അവബോധത്തിനു നടപടി സ്വീകരിച്ചു. ഭിന്നശേഷി കുട്ടികള്‍ക്കു ശാസ്ത്രീയ വിദ്യാഭ്യാസ രീതി പിന്തുടരുന്നു. അവര്‍ക്കു തടസങ്ങളില്ലാതെ സ്‌കൂള്‍ കാമ്പസ് ഉപയോഗിക്കാന്‍ കഴിയുന്നതരത്തില്‍ മാറ്റും. സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമമായ ഇടമലക്കുടിയിലെ കുട്ടികള്‍ക്കു പഠന സൗകര്യം ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയും നടപ്പിലാക്കി വരുന്നു.
അധ്യാപകര്‍ പാഠ്യവിഷയങ്ങളില്‍ കുട്ടികള്‍ക്ക് അറിവു പകരുന്നിന് ഒപ്പം സമൂഹത്തെറ്റിയും അറിവുപകരണം. പുതിയ അറിവ് കുട്ടികള്‍ക്ക് പകരണം. ശരിയായ വഴികാട്ടികള്‍ ആയി അധ്യാപകര്‍ മാറണം.
പൊതുവിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും ലോകോത്തര ശാസ്ത്ര പ്രതിഭകളെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നില്ല. ഗണിത ശാസ്ത്രമേഖലയില്‍ മുന്നേറണം.
സ്വയം നവീകരിക്കാന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര അവബോധം വളര്‍ത്തുന്നതിനൊപ്പം മാനവികബോധവും വളര്‍ത്തണം. കണ്ണ് തുറപ്പിക്കുന്ന മാനവികത വളര്‍ത്തിയെടുക്കണം. എല്ലാ പിന്തുണയും അധ്യാപകര്‍ക്കു സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവേശനോത്സവത്തിന് മുന്നോടിയായി 1 എ, 1 ബി, എല്‍കെജി വിദ്യാര്‍ഥികളെ മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, മേയര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എളമക്കര ഗവ.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച പ്രവേശനോത്സവ ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തോടെയാണ് സംസ്ഥാനതല പരിപാടികള്‍ ആരംഭിച്ചത്. തുടര്‍ന്നു നവാഗതരായ കുരുന്നുകള്‍ക്ക് മുഖ്യമന്ത്രി ബാഗും കുടയും സമ്മാനിച്ചു.
പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുവിദ്യാഭ്യാസ കലണ്ടര്‍ മന്ത്രി പി.രാജീവ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.ഷാനവാസിന് നല്‍കി പ്രകാശനം ചെയ്തു. എം.പി മാരായി ഹൈബി ഈഡന്‍ എം.പി, ജെബി മേത്തര്‍, മേയര്‍ അഡ്വ.എം അനില്‍കുമാര്‍, എം.എല്‍.എമാരായ കെ. ബാബു, ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, പി.വി. ശ്രീനിജിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, ഡിവിഷന്‍ കൗണ്‍സിലര്‍ സീന ഗോകുലന്‍, എസ്.സി. ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ആര്‍.കെ. ജയപ്രകാശ്, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷാ കേരളം സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയ, എസ്.ഐ.ഇ.ടി ഡയറക്ടര്‍ ബി അബുരാജ്, സ്‌കോള്‍ കേരള ചെയര്‍മാന്‍ ഡോ. പി. പ്രമോദ്, വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ സി.എ. സന്തോഷ്, എം.കെ. ഷൈന്‍മോന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി ജി. അലക്സാണ്ടര്‍, സമഗ്രശിക്ഷാ കേരളം ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റര്‍ ബിനോയ് കെ. ജോസഫ്, എളമക്കര ഗവ. എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പ്രശാന്ത് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ പി.വി. ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.കെ. ശിവദാസന്‍, എസ്. എം. സി ചെയര്‍മാന്‍ എന്‍. ടി. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No Comment.