സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്‌കരണത്തെ സംബന്ധിച്ചു പരിശോധിച്ചു ശുപാർശ സമർപ്പിക്കുന്നതിനു രൂപീകരിച്ച ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനൻ സമിതി, ഈ വിഷയത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കുന്നതിനായി മേഖലാതല ഹിയറിങ് നടത്തും. മൂന്നു മേഖലകളിലായി ജൂൺ 19 മുതൽ 22 വരെയാകും ഹിയറിങ്ങെന്ന് ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഉത്തര മേഖലാ ഹിയറിങ്ങിൽ കണ്ണൂർ, കാസർകോഡ് ജില്ലകളുടെ ഹിയറിങ് ജൂൺ 19നു കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. കണ്ണൂർ ജില്ലയുടെ ഹിയറിങ് രാവിലെ 10 മുതൽ 12 വരെയും കാസർകോഡ് ജില്ലയുടേത് ഉച്ചയ്ക്കു രണ്ടു മുതൽ നാലു വരെയുമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ ഹിയറിങ് 20നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വയനാട് ജില്ലയുടേത് രണ്ടു മുതൽ നാലു വരെയും കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും.
മധ്യ മേഖലാ ഹിയറിങ്ങിൽ പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളുടെ സിറ്റിങ് 21നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളുടെ സിറ്റിങ് ഉച്ചകഴിഞ്ഞു രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെയും എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും.
ദക്ഷിണ മേഖലാ ഹിയറിങ്ങിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ ഹിയറിങ് 22നു രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും പത്തനംതിട്ട ജില്ലയുടേത് വൈകിട്ടു മൂന്നു മുതൽ അഞ്ചു വരെയും തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും.
മേഖലാ ഹിയറിങ് കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്കു ഹാജരായി വിവരങ്ങൾ വാചികമായോ രേഖാമൂലമോ നൽകാം. കൺവീനർ, നിയമ സെക്രട്ടറി, കോടതി ഫീസ് പരിഷ്‌കരണ സമിതി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിലോ secy.law@kerala.gov.in എന്ന ഇ-മെയിലിലോ അറിയിക്കുകയും ചെയ്യാം. ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനന്റെ അധ്യക്ഷതയിൽ ഡോ. എൻ.കെ. ജയകുമാർ, അഡ്വ. സി.പി. പ്രമോദ്, നിയമ വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് സെക്രട്ടറി എന്നിവർ അംഗങ്ങളായാണു സർക്കാർ സമിതി രൂപീകരിച്ചത്.
തിരുവന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക്, നിയമ സെക്രട്ടറി കെ.ജി. സനൽകുമാർ, അഡ്വ. സി.പി. പ്രമോദ് എന്നിവരും പങ്കെടുത്തു.
No Comment.