ചെർപ്പുളശ്ശേരി. നഗരസഭ അവതരിപ്പിച്ച പുതിയ ട്രാഫിക് പരിഷ്കരണത്തിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പലതവണ വ്യാപാരി വ്യവസായ ഏകോപന സമിതി നഗരസഭയെ സമീപിച്ചെങ്കിലും അനുകൂലമായ തീരുമാനങ്ങൾ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. അതുകൊണ്ടുതന്നെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ പറയുന്നു. നിലവിലെ പരിഷ്കരണം കൊണ്ട് ഒറ്റപ്പാലം റോഡ് മുതൽ ആശുപത്രിപ്പടി വരെ ഉള്ള വ്യാപാരികൾ വലിയ പ്രതിസന്ധിയിൽ ആണെന്നും പലർക്കും ജീവിതം തന്നെ വഴിമുട്ടി പോകുന്ന അവസ്ഥയുണ്ടെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറിയും ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡന്റുമായ കെ എ ഹമീദ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് കടയടപ്പ് സമരം വരെ പ്രഖ്യാപിക്കേണ്ട അവസ്ഥ ഉണ്ടായിട്ടുള്ളതെന്നും ഉടനെതന്നെ പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും വ്യാപാരികൾ അറിയിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ കൺവെൻഷൻ ഈ മാസം ഏഴിന് മലബാർ കോംപ്ലക്സിൽ നടക്കും. അന്നേദിവസം വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളുടെ കടകൾ മുടക്കം ആയിരിക്കും എന്നും വ്യാപാരികൾ അറിയിച്ചു. രാവിലെ 10 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുക
