ബൊഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിൽ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകർന്നുവീണ് വൻ ദുരന്തം. തിങ്കളാഴ്ച (മാർച്ച് 23, 2026) നടന്ന അപകടത്തിൽ ഇതുവരെ 66 പേർ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊളംബിയൻ വ്യോമസേനയുടെ ലോക്ഹീഡ് മാർട്ടിൻ ഹെർക്കുലീസ് C-130 (Hercules C-130) എന്ന ട്രാൻസ്പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തെക്കൻ കൊളംബിയയിലെ ആമസോൺ മേഖലയിലുള്ള പുർട്ടോ ലെഗ്വിസാമോ (Puerto Leguizamo) വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെയാണ് വിമാനം തകർന്നത്. പെറു, ഇക്വഡോർ അതിർത്തിക്കടുത്താണ് ഈ പ്രദേശം.
വിമാനത്തിൽ 114 സൈനികരും 11 ജീവനക്കാരും ഉൾപ്പെടെ ആകെ 125 പേരാണ് ഉണ്ടായിരുന്നത്.അപകടം നടന്ന ഉടനെ വിമാനത്തിലുണ്ടായിരുന്ന വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. വിമാനം തകർന്നു വീണ സ്ഥലത്തുനിന്ന് ഇതുവരെ 48 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ദുരന്തത്തിൽ കൊളംബിയൻ പ്രസിഡന്റ് ഗുസ്‌താവോ പെട്രോ അനുശോചനം രേഖപ്പെടുത്തി. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും വൈമാനികർ വിദഗ്ധരായിരുന്നുവെന്നും പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകട കാരണം കണ്ടെത്താൻ ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് കൊളംബിയൻ വ്യോമസേന നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നാണിത്.