നെന്മാറ: നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ പോരാട്ടത്തിന് വേദിയൊരുങ്ങി നെന്മാറ മണ്ഡലം. എൽഡിഎഫിനായി സിപിഎമ്മിലെ കെ. പ്രേമനും യുഡിഎഫിനായി കോൺഗ്രസിലെ എ. തങ്കപ്പനും എൻഡിഎയ്ക്കായി ബിഡിജെഎസിലെ എ.എൻ. അനുരാഗും മത്സരരംഗത്തിറങ്ങിയതോടെ മണ്ഡലത്തിൽ പ്രചാരണം ചൂടുപിടിച്ചു. ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള നേതാക്കളാണ് മൂവരും എന്നതിനാൽ പോരാട്ടം കടുക്കുമെന്നുറപ്പാണ്.
എൽഡിഎഫ് സ്ഥാനാർത്ഥി: കെ. പ്രേമൻ
സിപിഎം കൊല്ലങ്കോട് ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ കെ. പ്രേമൻ (51) ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2015 മുതൽ 2020 വരെ നെന്മാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന അദ്ദേഹം, എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതൃനിരകളിലൂടെയാണ് പൊതുരംഗത്തെത്തിയത്. നിലവിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം, ജില്ലാ കബഡി ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ, ചിറ്റൂർ ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. കർഷകത്തൊഴിലാളിയായ ടി. കൃഷ്ണന്റെയും എ. സരോജിനിയുടെയും മകനാണ്. ഭാര്യ: പി.എസ്. ആശാമോൾ (സ്റ്റാഫ് നഴ്സ്). മക്കൾ: ആദിഷ് കൃഷ്ണ, ആകർഷ് കൃഷ്ണ.
യുഡിഎഫ് സ്ഥാനാർത്ഥി: എ. തങ്കപ്പൻ
പാലക്കാട് ഡിസിസി പ്രസിഡന്റായ എ. തങ്കപ്പൻ (67) നാൽപ്പതു വർഷത്തിലേറെയായി പൊതുപ്രവർത്തന രംഗത്ത് സജീവമാണ്. കെഎസ്യു, യൂത്ത് കോൺഗ്രസ് എന്നിവയുടെ ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്റർ പദവിയും വഹിച്ചിട്ടുണ്ട്. 1987-ൽ മലമ്പുഴയിൽ മത്സരിച്ച അദ്ദേഹം ഒട്ടേറെ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള പരിചയസമ്പന്നനായ നേതാവാണ്. കുഴൽമന്ദം ചിതലിയിൽ ആറുമുഖന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: കെ. പ്രസന്നകുമാരി (റിട്ട. അധ്യാപിക). മക്കൾ: നന്ദന, നയന, നന്ദഗോപൻ.
എൻഡിഎ സ്ഥാനാർത്ഥി: എ.എൻ. അനുരാഗ്
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എൻ ട്രസ്റ്റ് ജില്ലാ കൺവീനറുമാണ് എൻഡിഎ സ്ഥാനാർഥിയായ എ.എൻ. അനുരാഗ്. നിലവിൽ എസ്എൻഡിപി യോഗം കൊല്ലങ്കോട് യൂണിയൻ സെക്രട്ടറിയും വടവന്നൂർ വിഎം ഹൈസ്കൂളിലെ മലയാളം അധ്യാപകനുമാണ്. 2021-ലും നെന്മാറയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. എ.സി. നരേന്ദ്രനാഥിന്റെയും ഉഷയുടെയും മകനാണ്. ഭാര്യ: ഷിമാ അനുരാഗ് (അധ്യാപിക). മക്കൾ: നിവേദിത, നിരഞ്ജന.
വികസന നേട്ടങ്ങളും ജനകീയ ഇടപെടലുകളും ഉയർത്തിക്കാട്ടിയാണ് മുന്നണികൾ വോട്ടർമാരെ സമീപിക്കുന്നത്. മികച്ച സംഘാടകരായ സ്ഥാനാർത്ഥികൾ കളത്തിലുള്ളതിനാൽ ഇത്തവണത്തെ നെന്മാറയിലെ പോരാട്ടം ഏറെ ശ്രദ്ധേയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.