പെരിന്തൽമണ്ണ : മൂന്നാഴ്ചയ്ക്കിടെ പെരിന്തൽമണ്ണയിലുണ്ടായത് മൂന്ന് കൊലപാതകങ്ങൾ. മൂന്നെണ്ണത്തിൽ രണ്ടും ലഹരിയുമായി ബന്ധപ്പെട്ടതാണെന്നത് ലഹരി സംഘങ്ങളുടെ വിഹാരത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ഏപ്രിൽ 30-ന് അരക്കുപറമ്പിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്ന മാട്ടറക്കൽ നിസാമുദ്ദീന്റെ മരണത്തിനിടയാക്കിയ സംഭവങ്ങളുടെ തുടക്കം ഇയാളുടെ ലഹരിവിൽപ്പന നാട്ടുകാർ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമായിരുന്നു. ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ച പൊന്ന്യാകുർശി സ്വദേശി മുഹമ്മദ് ബിൻഷാദിന്റെ മരണത്തിനിടയാക്കിയതും മദ്യപിച്ചശേഷം സുഹൃത്തുക്കളുമായുണ്ടായ കശപിശയും തുടർന്നുള്ള മർദനവുമായിരുന്നു. പെരിന്തൽമണ്ണയിലും സമീപ പഞ്ചായത്തുകളിലും ലഹരി സംഘങ്ങൾ വലിയതോതിൽ പിടിമുറുക്കിയിട്ടുണ്ട്. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതികളായിട്ടുള്ളവർ ഏകദേശം നൂറ്റൻപതോളം പേരുണ്ടെന്നാണ് വിവരം. വൻകിടക്കാർക്കൊപ്പം ചെറുകിട വിൽപ്പനക്കാരും ഇതിലുണ്ട്. രാസലഹരിയടക്കമുള്ള കേസുകളിൽപ്പെട്ടവർ വേറെയുമുണ്ട്. ഒട്ടേറെ ലഹരിക്കേസുകളിൽ പ്രതികളായവരുമുണ്ട്. ഇത്തരക്കാർക്കെതിരായ നടപടികൾ കാര്യക്ഷമമാകാത്തതും ഇവർക്ക് വളമാകുന്നു. പോലീസ് പിടികൂടി ജയിലിൽ അടച്ചാലും വൈകാതെതന്നെ ജാമ്യം ലഭിക്കുന്നതും വീണ്ടും ലഹരിവിൽപ്പനയിലേക്ക് തിരിയാൻ ഇവർക്ക് സഹായമാകുന്നുണ്ട്. സ്ഥിരമായി ഇത്തരക്കാരെ നിരീക്ഷിക്കുന്നതിന് പലപ്പോഴും പോലീസിനും സാധിക്കുന്നില്ല. അരക്കുപറമ്പിൽ മർദനത്തിൽ കൊല്ലപ്പെട്ട നിസാമുദ്ദീന്റെ പേരിൽ ഇരുപതിലേറെ ക്രിമിനൽ കേസുകളാണുണ്ടായിരുന്നത്. കാപ്പ നിയമപ്രകാരം ഇയാൾക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തുന്നതിന് പോലീസ് മാസങ്ങൾക്കു മുൻപ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഉത്തരവായിരുന്നില്ല. ഇയാൾ കൊല്ലപ്പെടുന്നതിനു ദിവസങ്ങൾക്കുമുൻപ് ഉത്തരവിറങ്ങിയെങ്കിലും നേരിട്ട് നൽകണമെന്നതിനാൽ നടപ്പാക്കിയിരുന്നില്ല. തുടക്കത്തിലേ ഉത്തരവ് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ, കൊലപാതകത്തിലേക്കു നയിച്ച സംഭവമുണ്ടാകില്ലായിരുന്നെന്നും വിലയിരുത്തപ്പെടുന്നുണ്ട്. താഴേക്കോട് പഞ്ചായത്തിലെ മാട്ടറക്കൽ, കരിങ്കല്ലത്താണി, ബിടാത്തി, തൂത എന്നിവിടങ്ങളിലും അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം കേന്ദ്രീകരിച്ചും അമ്മിനിക്കാട് കൊടികുത്തിമല കേന്ദ്രീകരിച്ചും വ്യാപകമായി കഞ്ചാവ് വിൽപ്പന നടക്കുന്നതായി വിവരമുണ്ട്. ഏപ്രിൽ 28-ന് ഇതരസംസ്ഥാന തൊഴിലാളിയായ ദീപാങ്കർ മാജിയെ പെരിന്തൽമണ്ണയിലെ താമസസ്ഥലത്ത് പുറത്തുനിന്നു പൂട്ടിയ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായിരുന്നു ആദ്യത്തെ സംഭവം. ഈ കേസിൽ ഇയാളുടെ നാട്ടുകാരായ ദമ്പതിമാരെ ബംഗാളിൽനിന്ന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്ത്രീയുടെ നഗ്നവീഡിയോ പകർത്തിയെന്ന വിരോധമാണ് കൊലപാതകത്തിനു കാരണമായി പോലീസ് കണ്ടെത്തിയത്. മൂന്ന് കൊലപാതകങ്ങളിലും പ്രതികളെ ഒട്ടും വൈകാതെ തന്നെ പിടികൂടാൻ പോലീസിന് സാധിച്ചു.
No Comment.