anugrahavision.com

Onboard 1625379060760 Anu

മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണം:മന്ത്രി വി ശിവൻകുട്ടി*

തിരുവനന്തപുരം. മയക്കുമരുന്ന് വിപത്തിനെതിരെ സമൂഹമൊന്നാകെ രംഗത്തിറങ്ങണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ജനജാഗ്രതാ സമിതികൾ ശക്തമാക്കണം. നേമത്ത് വില്ലേജ്തല ജാഗ്രതാ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥികൾ ആണ് ലഹരി മാഫിയയുടെ പ്രധാന ഉന്നം. ഇത് മനസിലാക്കി വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണ സമൂഹം നൽകണം. സമൂഹത്തിന്റെ ജാഗ്രത വിദ്യാലയങ്ങൾക്കുണ്ടാകണം. സംസ്ഥാനത്ത് ജൂൺ 3 ന് സ്‌കൂളുകൾ തുറക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടും അക്കാദമിക വർഷം മുഴുവനായും നിരവധി പദ്ധതികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. ഇതിലേറ്റവും സുപ്രധാനമായ പദ്ധതി ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. ഈ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളുടെ യോഗം മെയ് 4ന് ചേരുകയുണ്ടായി. കഴിഞ്ഞ അദ്ധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങൾക്ക് ഉപരിയായി അതി ശക്തമായ ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് യോഗത്തിൽ തീരുമാനമായത്.
ലഹരി വിരുദ്ധ ക്യാംപയിൻ, പ്രത്യേകിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗവും ആസക്തിയും തടയാൻ ലക്ഷ്യം വെച്ചിട്ടുള്ള പ്രവർത്തന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ശാക്തീകരണം, അവബോധം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പിന്തുണാ സംവിധാനം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കും. സ്‌കൂൾ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ പ്രൈമറി, ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി തലങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്.
സ്‌കൂൾ തലത്തിൽ നടത്തേണ്ട ജാഗ്രതാ പ്രവർത്തനങ്ങൾ, വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് വിശദമായ മാർഗ്ഗരേഖ എല്ലാ വിദ്യാലയങ്ങൾക്കും നൽകിയിട്ടുണ്ട്. ലഹരി വിരുദ്ധ ബോധവൽക്കരണത്തോടൊപ്പം കുട്ടികളെ ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതിന് അധ്യാപകരെ ശാക്തീകരിക്കുന്നതിനും പരിപാടികൾ സംഘടിപ്പിച്ചു വരുന്നു.
ലഹരി വസ്തുക്കൾ സ്‌കൂൾ ക്യാമ്പസിലേക്ക് എത്തുന്നതിനെതിരെ ജാഗ്രത പുലർത്തുന്നതിന് രക്ഷകർത്താക്കളെ ബോധവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷകർത്തൃ ഗ്രൂപ്പുകൾ ചേരുമെന്നും മന്ത്രി അറിയിച്ചു.

Spread the News
0 Comments

No Comment.