കേരളത്തിലെ പത്തനംതിട്ട, മലപ്പുറം, കോട്ടയം ജില്ലകളിൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ സ്കൂൾ വിദ്യാർത്ഥികളെ രാവിലെ 11 മുതൽ വൈകുന്നേരം 3 മണി വരെ വെയിലിൽ ഇറങ്ങുവാൻ അനുവദിക്കാത്തവിധം എല്ലാ മേഖലകളിലും സുരക്ഷാ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി പരിശോധിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് റവന്യൂ പ്രിൻസിപ്പിൾ സെക്രട്ടറിയ്ക്ക് കൈമാറി.
പത്തനംതിട്ട ജില്ലയിലെ കോന്നി, മലപ്പുറം ജില്ലയിലെ പൊന്നാനി, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യുവി ഇൻഡക്സ് 7 രേഖപ്പെടുത്തി. കൊല്ലം, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സൂചിക 6 ആയതിനാൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് 4 മുതൽ 5 വരെയാണ് സൂചിക കണക്കാക്കുന്നത്. തുടർച്ചയായി സൂര്യകിരണം ഏല്ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കുന്നു.
എന്നാൽ അപകടകരമായ അൾട്രാ വയലറ്റ് വികിരണം രേഖപ്പെടുത്തിയ പ്രദേശങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം സുരക്ഷാ നിർദ്ദേശങ്ങൾ ഇതുവരെ വകുപ്പുകൾ നടപ്പിലാക്കിയിട്ടില്ല. സ്കൂൾ വിദ്യാർത്ഥികളെ അതീവ തീവ്രവ വെയിൽ സമയങ്ങളിൽ പുറത്ത് ഇറങ്ങുവാൻ അനുവദിക്കാത്ത വിധം നിർദ്ദേശങ്ങൾ ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കി.