anugrahavision.com

Onboard 1625379060760 Anu

ചെർപ്പുളശ്ശേരിയിലെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറദീപം കെ ബാലകൃഷ്ണൻ എഴുപതിന്റെ നിറവിൽ..

ചെർപ്പുളശ്ശേരിയിലെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്ത് നിറദീപമായി ജ്വലിക്കുന്ന കെ ബാലകൃഷ്ണൻ മാസ്റ്റർ 70 ന്റെ നിറവിലാണ്. വിവിധ സാംസ്കാരിക സംഘടനകൾ 70 വയസ്സ് തികഞ്ഞ ബാലകൃഷ്ണൻ മാസ്റ്റർക്ക് ഇതിനോടകം ആദരവുകൾ നൽകിയിട്ടുണ്ട്.

ചെർപ്പുളശ്ശേരി കാരംതൊടിയിൽ നാരായണൻ എഴുത്തച്ഛന്റെയും കമലാക്ഷിയമ്മയുടെയും മകനായി ബാലകൃഷ്ണൻ ജനിച്ചു. ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ നിന്നും പത്താംതരം പാസായ ശേഷം ഒറ്റപ്പാലം എൻ എസ് എസ് കോളേജിൽ നിന്നും പ്രീഡിഗ്രിയും പാസ്സായി. തുടർന്ന് ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ചെറുതുരുത്തി ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. അവിടെനിന്നും ടി ടി സി പാസായ ശേഷം പന്നിയംകുറിശ്ശി ഈസ്റ്റ് എൽ പി സ്കൂളിലും തുടർന്ന് വാഴക്കുന്നത്ത് എൽ പി സ്കൂളിലും സേവനം ചെയ്ത ശേഷം കച്ചേരി കുന്ന് എൽ പി സ്കൂളിൽ അധ്യാപകനായി. ഈ സ്കൂളിൽ ഹെഡ്മാസ്റ്റർ ആയ ശേഷം 35 വർഷത്തെ സേവനവുമായി അധ്യാപക രംഗത്തുനിന്നും വിരമിച്ചു.

കണ്ടാൽ പരുക്കൻ എന്ന് തോന്നുമെങ്കിലും സൗമ്യ ശീലനായ,ഹൃദയ വിശാലതയുള്ള ഒരു പച്ചയായ മനുഷ്യനാണ് ബാലകൃഷ്ണൻ. ചെറുപ്പം മുതൽ തന്നെ കമ്മ്യൂണിസ്റ്റ് ആശയത്തിൽ വിശ്വസിച്ചു പോന്ന ബാലകൃഷ്ണൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിൽ സജീവ സാന്നിധ്യമായിരുന്നു. ചെർപ്പുളശ്ശേരിയുടെ വികസന ചരിത്രത്തിൽ നിർണായക പങ്കു വഹിച്ച ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെയും, ചെർപ്പുളശ്ശേരി അർബൻ ബാങ്കിന്റെയും പ്രസിഡണ്ടും ചെയർമാനും ആയി ബാലകൃഷ്ണൻ മാസ്റ്റർ സേവനം ചെയ്തു. ഈ സ്ഥാപനങ്ങളുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്.ഇക്കാലയളവിൽ നിരവധി പുരസ്കാരങ്ങൾ ബാങ്കിനെ തേടിയെത്തി. കേവലം ഒരു പ്രാഥമിക സഹകരണ സംഘം എന്നതിലുപരി ദേശസാൽകൃത ബാങ്കുകളോട് കിടപിടിക്കുന്ന പ്രവർത്തന ശൈലി കൊണ്ടുവന്നത് ബാലകൃഷ്ണൻ മാസ്റ്ററുടെ കാലയളവിലാണ്.
ചെറുകിട വായ്പകൾ കൊടുത്തുകൊണ്ട് വ്യാപാരി സമൂഹത്തെയും, കൃഷിക്കാരെയും ചേർത്തുപിടിക്കുന്നതിൽ ബാങ്കിന് പങ്കുണ്ടെന്ന് തെളിയിക്കാൻ ബാലകൃഷ്ണൻ എന്ന സഹകാരിക്ക് കഴിഞ്ഞു. ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടായി എട്ടു വർഷത്തോളം ഇദ്ദേഹം പ്രവർത്തിച്ചു. നിരവധി പേർക്ക് സ്വന്തമായൊരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കുന്നതിനും ഇദ്ദേഹം കാരണക്കാരനായി.
പാലും പാലുൽപ്പന്നങ്ങളും ആവശ്യക്കാർക്ക് വിറ്റഴിക്കുന്നതിലും, ഇത് ഉൽപാദിപ്പിക്കുന്നവർക്ക് വില കിട്ടുന്നതിലും പാൽ സൊസൈറ്റിക്ക് വലിയ പങ്കുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പാൽ സൊസൈറ്റിയുടെ പ്രസിഡണ്ടായ ശേഷം ബാലകൃഷ്ണൻ മാസ്റ്റർ ചെയ്ത ഏറ്റവും വലിയ പ്രവർത്തി. ദേശാഭിമാനിയുടെ പ്രാദേശിക ലേഖകനായും ബാലകൃഷ്ണൻ മാസ്റ്റർ പ്രവർത്തിച്ചു വന്നിട്ടുണ്ട്.
കലാരംഗത്തും ബാലകൃഷ്ണൻ മാസ്റ്ററുടെ സജീവ സാന്നിധ്യം ചെർപ്പുളശ്ശേരി തൊട്ടറിഞ്ഞു. പത്തുവർഷത്തോളം ചെർപ്പുളശ്ശേരി ഫിലിം സൊസൈറ്റിയുടെ പ്രസിഡണ്ടായി ബാലകൃഷ്ണൻ തുടർന്നു.
സാംസ്കാരിക രംഗം സമ്പന്നമാക്കുന്നതിലും ബാലകൃഷ്ണൻ മാസ്റ്റർ തന്റെ സേവനം ഉപയോഗപ്പെടുത്തി. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങളുടെ പ്രസിഡന്റായും കൺവീനറായും രക്ഷാധികാരി യായും തന്റെ കർമ്മമണ്ഡലത്തിൽ വിരാജിച്ചു. കൃത്യതയുള്ള കാര്യങ്ങൾ ആരുടെ മുഖത്തുനോക്കിയും ഒരു മടിയും കൂടാതെ പറയാൻ കഴിയും എന്നുള്ളതാണ് സംഘടനാ രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തന ശൈലി.
സിഐടിയുവിന്റെ പ്രസിഡന്റ്, കെ ബി ടി എ രക്ഷാധികാരി തുടങ്ങിയ രംഗത്തും ബാലകൃഷ്ണൻ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

ഇതിനിടയിൽ തന്നെ നിരവധി യാത്രകൾ അദ്ദേഹം നടത്തി. അമേരിക്ക മുതലായ രാജ്യങ്ങൾ സന്ദർശിക്കുവാനും ആ സന്ദർശനം കൊണ്ട് നാടിന് എന്തെങ്കിലും മെച്ചം ഉണ്ടാക്കുവാൻ പറ്റുമോ എന്നും ബാലകൃഷ്ണൻ എന്ന വ്യക്തി ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെ ചെർപ്പുളശ്ശേരിയുടെ വളർച്ചയിൽ ഉണ്ടായ പല ആധുനിക പരിഷ്കാരങ്ങളുടെയും ഭാഗവാക്കാവാൻ ബാലകൃഷ്ണൻ മാസ്റ്റർക്ക് സാധിച്ചിട്ടുണ്ട്.
ഒരാൾ എത്ര വർഷം ജീവിച്ചിരുന്നു എന്നതിലല്ല അയാൾ സമൂഹത്തിനുവേണ്ടി എന്ത് ചെയ്തു എന്നതിലാണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രാധാന്യം അർഹിക്കുന്നത്. അത്തരത്തിൽ എഴുപതില്‍ എത്തിനിൽക്കുന്ന ബാലകൃഷ്ണൻ മാസ്റ്റർ തന്റെ ജീവിതം മുഴുവൻ ഒരു നാടിനു വേണ്ടി ഉഴിഞ്ഞുവെച്ചു എന്നതിൽ തർക്കമില്ല.

പി ലീലയാണ് ഭാര്യ, രണ്ടു മക്കൾ കെ ബി അനുപമ, കെ ബി അജയഘോഷ്

തയ്യാറാക്കിയത്. പി മുരളി മോഹൻ.9605350001
രേഖാ ചിത്രം.. ജ്യോതി പ്രിന്റക്സ്

Spread the News
0 Comments

No Comment.