ചെർപ്പുളശ്ശേരി. പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന്റെ ഭാഗമായുള്ള കാഴ്ച വരവ് നഗരത്തിൽ വർണ്ണ മഴ പെയ്തു. ആനയും അമ്പാരിയും വാദ്യഘോ ഷങ്ങളുമായി അയ്യപ്പൻ കാവിൽ നിന്നും ആരംഭിച്ച കാഴ്ച വരവിൽ നാടൻ കലകളും അകമ്പടി ഏകിയപ്പോൾ നിറഞ്ഞു കവിഞ്ഞ ഭക്തജനങ്ങൾക്ക് കണ്ണിനും കാതിനും ഹരം പകർന്നു. നൂറുകണക്കിന് ആളുകളാണ് പാതയോരങ്ങളിൽ കാഴ്ചവരവ് കാണാനായി എത്തിച്ചേർന്നത്. പ്രസിദ്ധമായ കാളവേല നാളെ നടക്കും. അറുപതിലധികം ഇണക്കാളകൾ നഗരപ്രദക്ഷിണമായി ക്ഷേത്രത്തിൽ എത്തിച്ചേരൂ. രാവിലെ നടക്കുന്ന പാലും വെള്ളരി തൊഴാനായി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രനടയിൽ എത്തും. വെള്ളിയാഴ്ച നടക്കുന്ന താലപ്പൊലിയോടെ ഉത്സവത്തിന് സമാപനം ആകും.