കൊച്ചി. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയതുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരു വശങ്ങളിലുമായി അനധികൃതമായി കൊടികളും ബാനറുകളും ബോർഡുകളും സ്ഥാപിച്ചതിന് ചുമത്തിയ 20 ലക്ഷം രൂപ പിഴ തുക സെക്രെട്ടറിയിൽ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി.

ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്. പരാതി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൾ ഡയറക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി. പൊതു നിരത്തുകളിൽ അനുമതി ഇല്ലാതെ കൊടികളും ബാനറുകളും മറ്റും സ്ഥാപിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊടികളും തോരണങ്ങളും ബോർഡും അനുമതി വാങ്ങാതെ സ്ഥാപിക്കുന്നത് വിലക്കുവാനും കോർപറേഷൻ സെക്രട്ടറി തയ്യാറായില്ല. കോർപറേഷനിലെ ചില ജന പ്രതിനിധികളുമായി ചേർന്ന് സെക്രെട്ടറിയും ഉത്തരവാദിത്വപ്പെട്ട ജീവനക്കാരും കൃത്യവിലോപം കാണിച്ചു. തുടർന്ന് മുഖം രക്ഷിക്കുവാൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിൽ പിഴ ചുമത്താൻ നടപടികളും ഉത്തരവാദിത്വപ്പെട്ട മേയറുമായി ചേർന്ന് സെക്രെട്ടറി നടത്തിയിരിക്കുകയാണ്. ഹൈക്കോടതി വിലക്ക് ലംഘിച്ച് നടപടികൾ നടത്തുവാൻ അനുവദിക്കുകയും നിയമ നടപടിയിൽ നിന്ന് രക്ഷ നേടാൻ പിഴ ചുമത്തൽ പ്രഹസനവും കോടതി വിധികളെ അട്ടിമറിക്കുന്ന പ്രവർത്തികളുടെ ഭാഗമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് വ്യക്തമാക്കി.