140 കോടിയിലധികം വരുന്ന ജനസംഖ്യയും വർധിച്ചുവരുന്ന മാറാരോഗങ്ങളും നമ്മുടെ ആരോഗ്യമേഖലയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ആരോഗ്യ മേഖലയിലെ സർക്കാർ വിഹിതം ജിഡിപിയുടെ 5 ശതമാനത്തിലേക്ക് എത്തിക്കേണ്ടത് അനിവാര്യമായ ഒന്നായി മാറിയിരിക്കുകയാണ്. 2047-ഓടെ ‘വികസിത് ഭാരത്’ ലക്ഷ്യം കൈവരിക്കാൻ ഇത് അനിവാര്യമാണ്. പ്രതിരോധ ആരോഗ്യ പരിരക്ഷാ സേവനങ്ങളുടെ ചെലവ് കുറയ്ക്കുന്നത് ആരോഗ്യരംഗത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ സഹായിക്കും.
അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളുടെയും രോഗനിർണയ സേവനങ്ങളുടെയും ജി എസ് ടി നിരക്കുകൾ ഏകീകരിക്കുക, മെഡിക്കൽ സാങ്കേതികവിദ്യയുടെ ഇറക്കുമതി തീരുവ പരിഷ്കരിക്കുക, ഡിജിറ്റൽ ഹെൽത്ത്-ഗവേഷണ മേഖലകളിലെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാകണം ജി എസ് ടി 2.0ൽ അടുത്ത ഘട്ട പരിഷ്കാരങ്ങളായി വരുത്തേണ്ടത്. ടയർ-2, ടയർ-3 നഗരങ്ങളിൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാൻ പ്രത്യേക ആനുകൂല്യങ്ങൾ നൽകണം. ഹെൽത്ത് സ്റ്റാർട്ടപ്പുകൾക്കും ഗവേഷണങ്ങൾക്കും മുൻഗണന നൽകണം. കൂടാതെ, വർധിച്ചുവരുന്ന വയോജന പരിരക്ഷ, ഓങ്കോളജി (കാൻസർ ചികിത്സ), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത രോഗനിർണയം എന്നിവയ്ക്ക് ഊന്നൽ നൽകണം.
ആരോഗ്യ പ്രവർത്തകരുടെ നൈപുണ്യ വികസനം, മെഡിക്കൽ വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങളുടെ സുസ്ഥിരവികസനം എന്നിവയും ഇതിനോടൊപ്പം പ്രാധാന്യമർഹിക്കുന്നു. സമത്വവും നവീകരണവും ആഗോള നിലവാരത്തിൽ ഭാവിയിലേക്കുകൂടി ഉതകുന്ന ആരോഗ്യ സംവിധാനത്തിലേക്കുള്ള വ്യക്തമായ പാതയൊരുക്കുന്നതാകട്ടെ 2026-ലെ കേന്ദ്ര ബജറ്റ്.
കേരള ബജറ്റിനെ കുറിച്ച് പറയുമ്പോൾ കഴിഞ്ഞ തവണത്തേതുപോലെ, ശരിയായ വളർച്ച നേടുന്നതിന് ആരോഗ്യമേഖലയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുരോഗമനപരമായ ഒരു സമീപനം കാഴ്ചവെക്കുമെന്ന് കരുതുന്നു. നിലവിലെ അടിയന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനൊപ്പം തന്നെ ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് ഊന്നൽ നൽകുന്നത് ഇന്ത്യയുടെ പ്രധാന ‘വെൽനസ് ഡെസ്റ്റിനേഷൻ’ ആയി കേരളം മാറികൊണ്ടിരിക്കുന്നതിനെ കൂടുതൽ സഹായിക്കും.
ഡിജിറ്റൽ ഹെൽത്ത് ടൂളുകൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, മെഡിക്കൽ ടൂറിസം മേഖലയിലെ മികച്ച നിക്ഷേപങ്ങൾ എന്നിവയ്ക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. ഇങ്ങനെ നമ്മുടെ പ്രമുഖ ആശുപത്രികളെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നത് വിദേശ രോഗികളെ ആകർഷിക്കാൻ സഹായിക്കും. കൂടാതെ, ഗ്രാമീണ മേഖലയിലെ സാങ്കേതിക വികസനം, പ്രതിരോധ ചികിത്സാ രീതികൾ, കാൻസർ ഗവേഷണം എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം.