പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടം പ്രതിയായ കേസിലെ വാദിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതായി കാണിച്ച് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ ഈശ്വറിന്റെ രണ്ടാം ഘട്ട പോലീസ് കസ്റ്റഡി അടക്കമുള്ള നടപടികൾ കൃത്യമായ പരിശോധനകൾ ഇല്ലാതെയെന്നും ഇത്തരം കാര്യങ്ങൾ പരിശോധിക്കണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് പരാതി.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി നൽകിയത്.
രാഹുൽ ഈശ്വറിനെതിരെ നിരവധി ആക്ഷേപങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ വിമർശനങ്ങൾ നിയമപരമായി പരിശോധിച്ചാൽ വളരെ വലിയ ഗുരുതര കുറ്റകൃത്യ വകുപ്പിൽ ഉൾപ്പെടുന്നവയല്ല. രാഹുൽ മാങ്കൂട്ടം എം എൽ എ യുമായി പരസ്പരം ആസൂത്രണം നടത്തി കേസിലെ വാദിയെ പൊതു സമൂഹത്ത് അപമാനിക്കുവാൻ ശ്രമിച്ചതായി രാഹുൽ ഈശ്വറിനെതിരെ തെളിവുകൾ നിലവിലില്ല. ചില സ്ത്രീകൾ നൽകുന്ന ലൈംഗിക പീഡന പരാതികൾക്ക് പിന്നിൽ സംശയിക്കത്തക്ക ദുരുദ്ദേശം ഉണ്ടെന്നും ഇതിനാൽ പുരുഷ വിഭാഗത്തിന് പോലീസിന്റെ ഭാഗത്ത് നിന്ന് ബുദ്ധിമുട്ടുകളും മാനസ്സിക വിഷമവും അതിലൂടെ പൊതു സമൂഹത്തും സ്വന്തം കുടുംബങ്ങളിലും വളരെ വലിയ അപമാനം ചില കേസുകളിൽ ഉണ്ടാകുന്നതായും ഇതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള ആക്ഷേപമാണ് സോഷ്യൽ മീഡിയയിലൂടെ രാഹുൽ ഈശ്വർ കാതലായി വിമർശനം ഉന്നയിച്ചിട്ടുള്ളത്. രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ, കൃത്രിമ രേഖ ചമക്കൾ, നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കുക, പണം തട്ടുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇല്ലാത്ത സൈബർ പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ആദ്യം പ്രതിയെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുവാൻ നോട്ടീസ് നൽകി വിളിപ്പിക്കുന്ന നിയമപരമായ നടപടിക്രമം രാഹുൽ ഈശ്വറിന് നിഷേധിക്കപ്പെട്ടത് റിമാൻഡ് കോടതി പരിഗണിച്ചിട്ടില്ല. പ്രതി ഒളിവിൽ പോകാതെ പോലീസിനോട് സഹകരിച്ചതും പരിശോധിക്കപ്പെട്ടിട്ടില്ല.
ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി വിളിപ്പിക്കാത്തത് പ്രതിയുടെ മുൻകൂർ ജാമ്യത്തിനുള്ള അവകാശത്തെ നിഷേധിക്കുവാൻ വേണ്ടിയായിരുന്നു. രാഹുൽ മാങ്കൂട്ടം എം എൽ എ യ്ക്ക് രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം അനുവദിച്ച കോടതി വിധി പരിശോധിച്ചാൽ രാഹുൽ ഈശ്വർ നടത്തിയ ചില വിമർശനങ്ങൾ തള്ളി കളയുവാൻ കഴിയില്ല. സ്ത്രീകളുടെ നഗ്ന ചിത്രം പുറത്ത് വിട്ടപോലെയാണ് രാഹുൽ ഈശ്വറിനോട് പ്രോസിക്യൂഷൻ പെരുമാറുന്നത്. കസ്റ്റഡി നീളുന്നതും രണ്ടാം ഘട്ട അനാവശ്യ പോലീസ് കസ്റ്റഡിയും രാഹുൽ ഈശ്വർ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ റിമാൻഡ് നീളുന്നതടക്കമുള്ള ചില നടപടിക്രമങ്ങളിൽ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്റെ പരിശോധന ആവശ്യമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.