കൊച്ചി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടികളെയും വിധി പ്രസ്താവം നടത്തിയ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗ്ഗീസിനെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്കെതിരെ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുന്നില്ലെന്ന് ആഭ്യന്തര വകുപ്പിന് എതിരെ ഗുരുതര ആരോപണവുമായി ലഭിച്ച പരാതി അന്വേഷിക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കൈമാറി.
ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിക്ക് നൽകിയത്.

കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് തോന്നൽ ഉണ്ടാകുന്നവർക്ക് മേൽ കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് യാതൊരു നിയമ തടസ്സവും ഇല്ലാത്തതാണ്. എന്നാൽ കോടതി നടപടികളെയും വിധി പുറപ്പെടുവിച്ച ജഡ്ജിമാരെയും അവഹേളിച്ചും വ്യക്തിഹത്യ ചെയ്തും പൊതുജന മധ്യത്തിൽ പ്രചാരണം നടത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണ്. ഇത് വ്യക്തി അഭിപ്രായ സ്വാതന്ത്ര്യമായി നിയമപരമായി കാണുവാൻ കഴിയില്ല.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിക്രമം പൂർത്തിയാക്കുന്ന ഉത്തരവാദിത്വമാണ് വിചാരണ കോടതിയ്ക്ക് ഉള്ളത്. അത്തരം നടപടികൾ പൂർത്തിയാക്കിയതിന്റെ പേരിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വനിതാ ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിച്ച് വ്യക്തിഹത്യ ചെയ്യുന്നത് ആസൂത്രിതമായി വർദ്ധിച്ച് വരുന്നത് പൊലീസിന് വ്യക്തമായി അറിവുള്ളതാണ്. രാഹുൽ മാങ്കൂട്ടത്തിനെതിരെ മൊഴി നൽകിയ അതിജീവതയ്ക്ക് എതിരായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് പോലീസ് ആസ്ഥാനത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനേക്കാൾ പ്രാധാന്യത്തോടെ കാണേണ്ട വിഷയങ്ങളിൽ വീഴ്ചകളാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്. കൃത്യനിർവ്വഹണം പൂർത്തിയാക്കിയതിന്റെ പേരിൽ സ്വകാര്യ താല്പര്യത്തിന്റെ മറവിൽ വിധിന്യായം പുറപ്പെടുവിച്ച കോടതികളിലെ ജഡ്ജിമാരെ പൊതു സമൂഹത്ത് അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും കണ്ടില്ലെന്ന് നടിക്കുന്നത് നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്. നടിയെ ആക്രമിച്ച കുറ്റകൃത്യത്തിൽ പങ്കെടുത്ത ആറ് പേരെയും കോടതി ശിക്ഷിച്ചിരുന്നു. നീതിപൂർവ്വമുള്ള ഇത്തരം നടപടിയെ ചിലർക്ക് അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും കഴിയുന്നില്ല. നടിയെ ആക്രമിച്ചവരെ ശിക്ഷിച്ച നടപടിയിൽ ചിലർ അസ്വസ്ഥരുമാണ്. ഇവരാണ് ജഡ്ജിയെ സമൂഹ മാധ്യമങ്ങളിൽ അവഹേളിക്കുവാൻ മത്സരിക്കുന്നതെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു. നടിയെ ആക്രമിക്കുവാൻ ദിലീപ് ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുത്തുവെന്ന ആരോപണം കോടതിയിൽ തെളിയിക്കപ്പെട്ടതുമില്ല.
വിചാരണ കോടതിയ്ക്ക് മുന്നിൽ എത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ നടത്തി വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിൽ ഹണി എം വർഗ്ഗീസിനെ അപമാനിച്ചും വ്യക്തിഹത്യ ചെയ്തും സമൂഹ മാധ്യമങ്ങളിൽ വിചാരണയും പ്രചാരണവും നടത്തുന്നത് സർക്കാർ തടയണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി കുറ്റക്കാരായി കണ്ട പ്രതികളുടെ ശിക്ഷയെ സംബന്ധിച്ച വിധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് കഴിയുന്നതിന്റെ പിറ്റേ ദിവസം ഉണ്ടാകും. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന് നിലവിൽ കനത്ത പോലീസ് സുരക്ഷ ഉണ്ടെങ്കിലും ഇവരെ അധിക്ഷേപിക്കുന്ന പ്രചാരണങ്ങൾക്ക് എതിരെ പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. വിചാരണ വേളയിൽ കോടതി നടപടിക്രമങ്ങളെ വിമർശിച്ചതിന് വിചാരണ കോടതി ചിലർക്ക് കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരുന്നു. ഇതിന്റെ തീർപ്പും വരുന്ന പന്ത്രണ്ടാം തീയതി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.