കടമ്പഴിപ്പുറം. ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥിയായി കെ ശ്രീലതയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു ശ്രീലത. തന്റെ വാർഡിലെ മാത്രമല്ല പഞ്ചായത്തിലെ തന്നെ ഒട്ടുമിക്ക വീട്ടുകാർക്കും സുപരിചിതയാണ് ശ്രീലത. അതുകൊണ്ടുതന്നെ വിജയം ഉറപ്പിച്ചു തന്നെയാണ് ശ്രീലത വോട്ടർമാരെ കാണുന്നത്.
മുണ്ടൂർ തൂത റോഡ് പ്രധാനമായി കടന്നുപോകുന്ന കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ചുവർഷം വികസനത്തിന്റെ വിജയഗാഥ രചിച്ചു കൊണ്ടായിരുന്നു ഇടതുപക്ഷ മുന്നണി ഗ്രാമപഞ്ചായത്ത് ഭരിച്ചത്. കേരള സർക്കാറിന്റെ നിരവധി സഹായങ്ങൾ ഈ ഗ്രാമപഞ്ചായത്തിന് ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്. ക്ഷേമ പെൻഷൻ അർഹതയുള്ളവർക്കെല്ലാം കൊടുക്കാൻ കഴിഞ്ഞതും, വീടില്ലാത്തവർക്ക് നിരവധി വാർഡുകളിൽ വീട് ഒരുക്കാൻ കഴിഞ്ഞതും ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങളാണ്. ഗ്രാമീണ റോഡുകൾ മിക്കവാറും എല്ലാം തന്നെ ടാറിങ് പൂർത്തിയാക്കി കഴിഞ്ഞു. ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ചെയ്യാനുണ്ടെന്ന് ശ്രീലത പറയുന്നു. ഡിസംബർ 13 കഴിഞ്ഞാൽ നല്ല ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും വിജയിച്ചു കഴിഞ്ഞാൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയായി വീണ്ടും ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരിൽ ഒരാളായി പ്രവർത്തിക്കാൻ “ഒപ്പമുണ്ടാകും” എന്നുതന്നെയാണ് തന്റെ തീരുമാനമെന്ന് ശ്രീലത പറഞ്ഞു.