ചെർപ്പുളശ്ശേരി: ആത്മീയ ജീവിതത്തിനിടെ പല മഹാന്മാരും കാണിക്കുന്ന ഇഹലോക താൽപര്യം പ്രകടത മാത്രമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. എസ്.കെ.ജെ.എ൦ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ റാലിക്ക് ശേഷമുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രബോധന ഉത്തരവാദിത്വത്തിനിടെ പൊതുസമൂഹത്തിനിടയിലുള്ള ഇടപഴകലുകൾക്കായാണ് പൂർവിക മഹാന്മാർ ഇത്തരം താല്പര്യങ്ങൾ പ്രകടിപ്പിച്ചിരുന്നത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ നയിച്ചിരുന്ന പൂർവിക മഹാന്മാരും ഈ പാതയിലൂടെയാണ് സഞ്ചരിച്ചിരുന്നത്. സമസ്ത പിന്നിട്ട 100 വർഷങ്ങളും ഇനി പിന്നീടാനിരിക്കുന്ന നൂറ്റാണ്ടുകളും ആ മഹാന്മാരുടെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ്.
പ്രതികൂല കാലാവസ്ഥയിലും ജനനിബിഡമായ സമ്മേളനം നടത്താൻ ശേഷിയുള്ള മണ്ണാണ് പാലക്കാടെന്ന് തെളിയിക്കുന്ന സമ്മേളനമാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയതെന്നും തങ്ങൾ പറഞ്ഞു. എതിർപ്പുകൾ കൂടുന്തോറും ആസ്ഥാനികമായി വളർന്നുകൊണ്ടിരിക്കുകയാണ് സമസ്ത. വിശ്വാസികൾക്കിടയിൽ മാത്രമല്ല ഇതര സമൂഹത്തിനിടയിലു൦ സമസ്തയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.