anugrahavision.com

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും

ശബരിമല. മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. നാളെ വൈകിട്ട് അഞ്ചുമണിക്കാണ് നട തുറക്കുക. പുതിയ മേൽശാന്തി നാളെ വൈകിട്ട് പ്രത്യേക അഭിഷേകങ്ങൾക്കുശേഷം ശബരിമലയിൽ ചാർജെടുക്കും. വൃശ്ചികം ഒന്നിന് രാവിലെ നടതുറക്കുന്നതോടെ നെയ്യഭിഷേകവും പ്രത്യേകപൂജകളും ആരംഭിക്കും. 70,000 പേർക്ക് വെർച്ചൽ ക്യൂ വഴി ബുക്കിംഗ് നൽകുന്നുണ്ട്. ഇരുപതിനായിരം പേർക്ക് നേരിട്ടും ദർശനം നടത്താം. ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റ് കെ ജയകുമാർ  ഉച്ചയോടെ സന്നിധാനത്ത് എത്തിച്ചേരും. ശബരിമലയിൽ ഭക്തജനങ്ങൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കുറ്റമറ്റ രീതിയിൽ തന്നെ നടത്തിയിട്ടുണ്ട്. എന്തെങ്കിലും  പോരായ്മകൾ ഉണ്ടെങ്കിൽ രണ്ടുദിവസത്തിനകം അവ കൂടി പരിഹരിച്ചു കൊണ്ടാവും ശബരിമലയിൽ പ്രവർത്തനങ്ങൾ നടത്തുക എന്ന് പുതിയ പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. പ്രസാദ വിതരണത്തിന് ആവശ്യമായ അപ്പം അരവണ തുടങ്ങിയവയെല്ലാം തന്നെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ശബരിമലയിൽ ഇപ്പോഴുള്ള വിവാദങ്ങളൊന്നും തന്നെ ഭക്തജനങ്ങളെ ബാധിക്കുകയില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യതകൂടി ദേവസ്വം ബോർഡിന് ഉണ്ട്. അതുകൊണ്ടുതന്നെ മുന്തിയ പരിഗണന ഭക്തർക്ക് ആയിരിക്കും എന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. സന്നിധാനത്തും, പമ്പയിലും, നിലയ്ക്കലും എല്ലാം ആവശ്യത്തിനു പോലീസുകാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചു കഴിഞ്ഞു. കെഎസ്ആർടി സി ബസ്സുകൾ പ്രധാന ഡിപ്പോകളിൽ നിന്നെല്ലാം സർവീസ് നടത്തുന്നുണ്ട്. കൂടാതെ നിലയ്ക്കൽ പമ്പ ചെയിൻ സർവീസുകൾക്കായി ആവശ്യത്തിലധികം ബസുകൾ പമ്പയിൽ എത്തിക്കഴിഞ്ഞു.

Spread the News

Leave a Comment