മാവേലിക്കര..കഥകളി മേളാചാര്യൻ കലാമണ്ഡലം പല്ലശ്ശന ചന്ദ്ര മന്നാടിയാരുടെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി മാവേലിക്കര കഥകളി ആസ്വാദക സംഘത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മന്നാടിയാർ മേള സ്മൃതി നവംബർ 16ന് ശ്രീകൃഷ്ണ ഗാനസഭാ മന്ദിരത്തിൽ നടക്കും.
ഉച്ചക്ക് 3.30 ന് മാർഗി കഥകളി വിദ്യാലയം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം കൃഷ്ണദാസ് ദീപ പ്രോജ്ജ്വലനവും പുഷ്പാർച്ചനയും നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിക്കും.
തുടർന്ന് പ്രസിഡൻ്റ് ജെ.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന മന്നാടിയാർ മേള സ്മൃതി സമ്മേളനത്തിൽ കേരള കലാമണ്ഡലം മുൻ പ്രിൻസിപ്പൽ കലാമണ്ഡലം ഉണ്ണികൃഷ്ണൻ ഉത്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും.
മേള വിദ്വാന്മാരായിരുന്ന വാരണാസി സഹോദരന്മാരുടെയും കലാമണ്ഡലം നാരായണൻ വാരണാസിയുടെയും സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന “വാരണാസി ധ്വനി ത്രയ -കാസ് പുരസ്കാരം” മദ്ദള മനീഷി കലാമണ്ഡലം ശന്കരവാര്യർക്ക് ചടങ്ങിൽ വെച്ച് രക്ഷാധികാരി ഡോ.എസ്സ്.രവിശന്കർ സമ്മാനിക്കും.
തുടർന്ന് പകുതി പുറപ്പാടോടുകൂടി ഡബിൾ മേളപ്പദം, ഉഷ- ചിത്രലേഖ കഥകളി എന്നിവ അരങ്ങിലെത്തും.
പ്രശസ്ത കലാകാരന്മാരായ മാർഗി വിജയകുമാർ, മധുവാരണാസി, കലാമണ്ഡലം സൂര്യ കിരൺ, കലാമണ്ഡലം കാരാപ്പുഴ അഭിജിത്ത് എന്നിവർ വേഷമിടും. കലാമണ്ഡലം ബാബു നമ്പൂതിരി, വേങ്ങേരി നാരായണൻ നമ്പൂതിരി, കലാമണ്ഡലം വിശ്വാസ് എന്നിവർ സംഗീതവും, ചെണ്ട വിദ്വാന്മാർ കലാമണ്ഡലം ഉണ്ണികൃഷ്ണൻ, കലാമണ്ഡലം കൃഷ്ണദാസ്, മദ്ദള വിദ്വാന്മാർ കലാമണ്ഡലം ശങ്കര വാര്യർ, കലാമണ്ഡലം അച്യുതവാര്യർ, ആർ.എൽ. വി.ജിതിൻ എന്നിവർ മേളവും ഒരുക്കും.
നീലംപേരൂർ അർജുൻ ചുട്ടിയും, ഏവൂർ കണ്ണമ്പള്ളിൽ കളിയോഗം ചമയുവും ഒരുക്കും.