anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓൺലൈൻ വ്യാപാരത്തിന് 40% ചുമത്തണം;  കേന്ദ്രമന്ത്രിക്കു മുന്നിൽ രാജു അപ്സര

കോയമ്പത്തൂർ: രാജ്യത്തെ ചെറുകിട വ്യാപാരമേഖല വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഗ്രാമങ്ങളിൽ പോലും ഓൺലൈൻ വ്യാപാരം കടന്നുകയറിയിരിക്കുന്നു. ഇതിനു നിയന്ത്രണമുണ്ടായില്ലെങ്കിൽ ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന 20 കോടി കുടുംബങ്ങൾ പട്ടിണിയിലാകും. ആയതിനാൽ ഓൺലൈൻ വ്യാപാരത്തിന്മേൽ 40% ആഡംബര നികുതി ചുമത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര കേന്ദ്രമന്ത്രി നിർമല സീതാരാമനോട് ആവശ്യപ്പെട്ടു. ഇന്നലെ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് വാണിഗർ സംഘത്തിന്‍റെ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട് വാണിഗർ സംഘം പ്രസിഡന്‍റ് എ.എം വിക്രമരാജ അധ്യക്ഷതവഹിച്ച യോഗം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉത്‌ഘാടനം ചെയ്തു.

 

കേരളത്തിലെ വ്യാപാരി സമൂഹത്തിന്‍റെ  ദീർഘകാല ആവശ്യമായിരുന്ന ജി.എസ്.ടി 2.0, പരിഷ്‌കാരങ്ങൾ. ഇത് നടപ്പിലാക്കിയത് അഭിനന്ദനാർഹമാണ്.  നികുതി സ്ലാബുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടായി കുറഞ്ഞു എന്നത്  മാത്രമല്ല അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയും ഇതോടെ കുറഞ്ഞു എന്നതാണ് നേട്ടം. എങ്കിലും വസ്ത്ര, പേപ്പർ, സ്വർണ വ്യാപാര മേഖലകളിൽ ചില തിരുത്തലുകൾക്ക് സർക്കാർ തയ്യാറാകണം. 2017- ല്‍ നിശ്ചയിച്ച ജി.എസ്.ടി നിരക്ക് പ്രകാരം 1,000/- രൂപ വരെയുള്ള  വസ്ത്രങ്ങളുടെ വില്പനകള്‍ക്ക് 5 ശതമാനവും അതിന് മുകളിലുള്ളവയ്ക്ക് 12 ശതമാനവുമായിരുന്നു നികുതി. നിലവിൽ 1,000/- എന്ന പരിധി 2,500/- ലേക്ക് ഉയര്‍ത്തുകയും അതിന് മുകളിലുള്ള വില്പനകള്‍ക്ക് 18% നികുതി ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് വസ്ത്ര വിപണിയിൽ വലിയ തിരിച്ചടിയുണ്ടാക്കി.  ആയതിനാൽ വിൽപ്പന വില പരിധിയില്ലാതെ  എല്ലാതരം തുണിത്തരങ്ങൾക്കും 5% നികുതി ഈടാക്കാൻ സർക്കാർ തയ്യാറാകണമെന്ന് കേന്ദ്ര മന്ത്രിയുമായി നടത്തിയ ചർച്ചയിൽ രാജു അപ്സര ആവശ്യപ്പെട്ടു.

 

കടലാസിലും നോട്ട്ബുക്കുകളിലും പുതിയ ജി.എസ്.ടി ഘടന ഉണ്ടാക്കിയ  അപാകതകളും പരിഹരിക്കേണ്ടിയിരിക്കുന്നു. നോട്ട്ബുക്കുകൾക്ക് ഉപയോഗിക്കുന്ന പേപ്പറിന് ജി.എസ്.ടി ഇല്ല. എന്നാൽ ഇതേ പേപ്പർ ഉപയോഗിച്ച് കലണ്ടറുകൾ, ഡയറികൾ അല്ലെങ്കിൽ പോസ്റ്ററുകൾ ഉണ്ടാക്കുമ്പോൾ അവയ്ക്ക് 18% ജി.എസ്.ടി ഈടാക്കുന്നു.  ഈ ആശയക്കുഴപ്പം ഒഴിവാക്കാൻ എല്ലാ പേപ്പറിനും  പരിവർത്തനം ചെയ്ത ഉൽപ്പന്നങ്ങൾക്കും  ഏകീകൃത ജി.എസ്.ടി നിരക്ക് നടപ്പാക്കണം. മറ്റൊരു പ്രധാന പ്രശ്നം സ്വർണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ടതാണ്. സ്വർണവിലയിലെ കുതിച്ചുചാട്ടവും,  ഉയർന്ന ജി.എസ്.ടി യും

സ്വർണ ആഭരണങ്ങളുടെ വില്പന ഗണ്യമായി കുറച്ചു. പവന് 28,000/- രൂപ വിലയുണ്ടായിരുന്നപ്പോഴാണ് സ്വർണത്തിനു 3 ശതമാനം ജി.എസ്.ടി ചുമത്തിയത്. എന്നാൽ ഇന്ന് സ്വർണ വില 90,000/- രൂപയ്ക്ക് മുകളിലായി. ഒരു പവൻ സ്വർണം വാങ്ങുന്നവർ ഏതാണ്ട് 2,900/-  രൂപയോളം നികുതി നൽകേണ്ട അവസ്ഥയിലാണ്. വില വര്‍ദ്ധനവിനോടൊപ്പം ഉയർന്ന ജി.എസ്.ടി കൂടി നല്‍കേണ്ടി വരുന്നത് കച്ചവടം ഗണ്യമായി കുറയുന്നതിന് കാരണമായി. ഈ പ്രതിസന്ധിയിൽ നിന്ന്  കരകയറാൻ സ്വർണത്തിന്‍റെ നികുതി 1 ശതമാനമായി കുറയ്ക്കാന്‍ സർക്കാർ തയ്യാറാകണം, കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചർച്ചയിൽ രാജു അപ്സര ആവശ്യപ്പെട്ടു.

 

Spread the News

Leave a Comment