പെരിന്തൽമണ്ണ. മൂന്ന് കുട്ടികളുമായി ഒരു വീട്ടമ്മ വീടിന്റെ സിറ്റൗട്ടിൽ കഴിയാൻ തുടങ്ങിയിട്ട് എട്ടു ദിവസമായി. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയും അടക്കം ഭക്ഷണം കഴിക്കാനോ ബാത്റൂമിൽ വരെ പോകാനോ കഴിയാത്ത സാഹചര്യത്തിലാണ് ഈ കുടുംബം വീടിന്റെ വരാന്തയിൽ കഴിയുന്നത്. പെരിന്തൽമണ്ണ കുന്നപ്പള്ളി കളത്തിലക്കര കളത്തിൽ അബ്ദുൽ നാസറിന്റെ ഭാര്യ ഫൗസിയയും മക്കളുമാണ് ഇങ്ങനെ കഴിയുന്നത്.
നാലുവർഷം മുമ്പാണ് പെരിന്തൽമണ്ണയിൽ ഇവർ വീട് വച്ചത് അന്ന് ഭർത്താവുമായി നല്ല ബന്ധത്തിലായിരുന്നു. എന്നാൽ ഗൾഫിലുള്ള ഭർത്താവ് മറ്റൊരു സ്ത്രീയുമായി ചേർന്നുകൊണ്ട് പ്രവർത്തിച്ചത് കൊണ്ടാണ് ഇത്തരത്തിൽ പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വീട്ടമ്മ ഫൗസിയ പറയുന്നു. കഴിഞ്ഞ നാലു വർഷമായി ഈ വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തുകയും അയാൾ വീടിനുള്ളിൽ കയറി ഇവരെ പുറത്താക്കുകയും ആയിരുന്നു. നിരവധി തവണ ഇവരെ മർദ്ദിക്കുകയും ചെയ്തതോടെ പോലീസിൽ പരാതി നൽകി. പരാതി കേട്ട ശേഷം പ്രശ്നങ്ങൾ പരിഹരിക്കാം എന്ന ഉറപ്പിൽ പോലീസ് പോയതോടെ ഇവർക്ക് കുറച്ചു സമാധാനമായി. എന്നാൽ പിന്നീട് പോലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും ഫൗസിയ പറഞ്ഞു. തുടർന്ന് ഉന്നത പോലീസ് അധികാരികൾക്ക് പരാതികൾ സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് വീട്ടമ്മ പറയുന്നു. 24, 13 വയസ്സായ രണ്ടു പെൺകുട്ടികളും 18 വയസ്സുള്ള ഒരു മകനും ഫൗസിയയും അടങ്ങുന്ന കുടുംബം ഇന്നും വീടിന്റെ വരാന്തയിൽ ആണ് കഴിയുന്നത്. തങ്ങൾക്ക് ഒരു ഭാഗത്തുനിന്നും നീതി കിട്ടുന്നില്ല എന്നാണ് ഈ കുടുംബം ഇപ്പോൾ പറയുന്നത്. രാഷ്ട്രീയ സ്വാധീനങ്ങൾ ഉപയോഗിച്ച് തന്റെ ഭർത്താവ് തന്നെയും കുട്ടികളെയും നിരന്തരമായി ഉപദ്രവിക്കുകയും വീട്ടിനുള്ളിൽ കയറാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റത്തെ നീതികേടാണെന്ന് ഫൗസിയ പറയുന്നു.