,തൃശൂർ. തിയേറ്റർ പഠനത്തിൽ രാജ്യത്തിനു മുമ്പിൽ കേരളത്തിൻ്റെ അഭിമാനമായി ഉയർന്നിട്ടുള്ള സ്‌കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്‌സ്, ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് തിയേറ്റർ സ്‌കൂൾസിൻ്റെ നാലാമത് എഡിഷന് ഒരുങ്ങുകയാണ്. 1977 ൽ പ്രൊഫ. ജി ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ തൃശൂർ അരണാട്ടുകരയിൽ ആരംഭിച്ച സ്‌കൂൾ ഓഫ് ഡ്രാമ, പൂർവ്വകാല പ്രൗഢിയോടെ അന്താരാഷ്ട്രശ്രദ്ധയിലേക്ക് ഉയർന്നു വന്നതിനൊപ്പം, അന്തർദേശീയ തിയേറ്റർ സ്‌കൂൾ ഫെസ്റ്റിവലും ലോകശ്രദ്ധ നേടിയിട്ടുള്ള പശ്ചാത്തലത്തിലാണ് International Festival of Theatre Schools (IFTS 2026) നാലാം എഡിഷൻ, 2026 ജനുവരി 16 മുതൽ 22 വരെ അരങ്ങേറുന്നത്.
ലോക വൈജ്ഞാനിക മേഖലയിൽതന്നെ നൂതനമാതൃകയായാണ് അന്താരാഷ്ട്രതലത്തിൽ ഖ്യാതിയുള്ള തിയേറ്റർ പ്രതിഭയും തിയേറ്റർ അധ്യാപകനുമായ ഡോ. അഭിലാഷ് പിള്ളയെ ഡയറക്ടർ പദവിയിൽ നിയമിച്ചതിനു പിന്നാലെ, സാർവ്വദേശീയ തിയേറ്റർപഠന സ്‌കൂളുകളുടെ ബോധനശാസ്ത്രോത്സവമായി ഉന്നതവിദ്യാഭ്യാസവകുപ്പിൻ്റെ പ്രത്യേക ശ്രദ്ധയോടെ ഐ എഫ് ടി എസ് ആരംഭിച്ചത്. വൈവിധ്യമാർന്ന വിദ്യാഭ്യാസ മാതൃകകൾക്ക് രൂപം കൊടുക്കുവാനും നവീന വിദ്യാഭ്യാസ മാതൃകകൾ അന്വേഷിക്കാനും ലക്ഷ്യമിട്ടാണ് ഈ ബോധനശാസ്ത്രോത്സവം ആരംഭിച്ചത്. അധ്യാപനശാസ്ത്ര കാർണിവൽ (Carnival of Pedagogy) ആയാണ് കോഴിക്കോട് സർവ്വകലാശാലയുടെ തൃശ്ശൂർ കേന്ദ്രമായ സ്‌കൂൾ ഓഫ് ഡ്രാമ ആൻ്റ് ഫൈൻ ആർട്‌സ് ഇക്കുറിയും ഐ എഫ് ടി എസ് പതിപ്പ് (ഐ എഫ് ടി എസ് 2026) ഒരുക്കുന്നത്.
നാടകപഠനത്തിൻ്റെ സാർവ്വദേശീയ മാനമുള്ളതടക്കമുള്ള സാധ്യതകൾ അനാവൃതമാക്കാനായിരുന്നു ‘ബോധനശാസ്ത്രോത്സവം’ എന്ന തീമിൽ ഐ എഫ് ടി എസ് ഒന്നാം പതിപ്പ്. ‘ബോധനശാസ്ത്രോത്സവം: പ്രകൃതിയും നാടകവും’ എന്നതായിരുന്നു രണ്ടാം പതിപ്പിൻ്റെ തീം. തനത് നാടക സങ്കല്പത്തിന്റെ തുടർച്ചയായി രൂപംകൊണ്ട സ്‌കൂൾ ഓഫ് ഡ്രാമയിൽ ഈ നാടക പഠനോത്സവത്തിൽ അതിൻ്റെ തുടർസാധ്യതകൾ അന്വേഷിച്ചുകൊണ്ട് തിയേറ്ററും നൈതികതയും’ എന്ന തീമിലായിരുന്നു ഐ എഫ് ടി എസ് 2025.
ആഗോളതലത്തിലുള്ള തിയേറ്റർ പഠന സ്ഥാപനങ്ങൾക്കും തിയേറ്റർ പ്രവർത്തകർക്കും തിയേറ്റർ പഠിതാക്കൾക്കും ഇടയിൽ സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് തുടക്കമിട്ട ഐ എഫ് ടി എസ്, കലാസഹകരണത്തിലും സംസ്ക്‌കാര ഗവേഷണത്തിലും അവതരണ ബോധനശാസ്ത്രത്തിലും ദക്ഷിണേഷ്യയിലെ ഒന്നാം നിര വേദിയായി ഇക്കാലം കൊണ്ട് സ്വീകരിക്കപ്പെട്ടിട്ടുണ്ട്. നാലാം വർഷത്തിൽ ‘തിയേറ്ററും ആരോഗ്യവും’ എന്ന വിഷയത്തിലാണ് ഈ ബോധനശാസ്ത്രോത്സവം.
കരുതലിൻ്റെയും സഹഭാവത്തിൻ്റെയും പാരിസ്ഥിതിക അവബോധത്തിൻ്റെയും പഠന-പരീക്ഷണ ശാലയായാണ് ഐ എഫ് ടി എസ് 2026 വിഭാവനം ചെയ്‌തിരിക്കുന്നത് മാനസികാരോഗ്യം, പരമ്പരാഗത ആതുരശുശ്രൂഷാ സംവിധാനങ്ങൾ, ഭിന്നശേഷിത്വം, തിയേറ്റർ, പരിസ്ഥിതി തുടങ്ങിയവ തമ്മിൽത്തമ്മിലുള്ള കൊള്ളക്കൊടുക്കൽ സാധ്യതകളാണ് മേള ആരായുക. അങ്ങനെ, ബോധനശാസ്ത്ര പ്രവർത്തനമായും ആരോഗ്യ-സൗഖ്യ രീതിയായും ഒരേ സമയം തിയേറ്ററിനെ ഐ എഫ് ടി എസ് 2026 അവതരിപ്പിക്കും സമകാലിക ലോകം നേരിടുന്ന പാരിസ്ഥിതികവും ശാരീരികവും മനശ്ശാസ്ത്രപരവുമായ എതിരവസ്ഥകളോടുള്ള പ്രതികരണമാവും തിയേറ്റർ ഉത്സവം
ദേശീയ-സാർവ്വദേശീയ സ്ഥാപനങ്ങളിൽ നിന്നുള്ള ബോധനശാസ്ത്ര വിദഗ്‌ധരും തിയേറ്റർ പ്രവർത്തകരും അടക്കം 350 പേർ ഫെസ്റ്റിവലിൽ പ്രതിനിധികളായുണ്ടാവും പത്ത് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും അടക്കം പന്ത്രണ്ട് പേരെയാണ് മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥാപനവും അയക്കുക.
സ്റ്റേജ് പ്രൊഡക്ഷനുകളും പാരമ്പര്യകലാ ആവിഷ്‌കാരങ്ങളും ഡിവൈസ്‌ഡ് തിയേറ്റർ ലാബുകളും, ഒപ്പം തന്നെ തിയേറ്ററിൻ്റെയും പരമ്പരാഗത ചികിത്സയുടെയും മേഖലയിലുള്ള വിദഗ്ദ്ധരുടെ മാസ്റ്റർ ക്ലാസുകളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ടാകും ഗവേഷണപ്രബന്ധ അവതരണങ്ങൾ, വട്ടമേശ ചർച്ചകൾ, മാനസികാരോഗ്യ-സ്വാസ്ഥ്യ ശില്‌പശാലകൾ എന്നിവയും നടക്കും പങ്കെടുക്കുന്ന അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കു പുറമെ, മൂന്ന് പ്രശസ്‌ത അന്താരാഷ്ട്ര സർവ്വകലാശാലകളുമായും ഇതിനായി കാലിക്കറ്റ് സർവ്വകലാശാല സഹകരണ ധാരണ പത്രം ഒപ്പുവെച്ചിട്ടുണ്ട് . 1. Wimbledon College of Arts, University of Arts, London, 2. Department of Drama and Theatre Arts Sir Ponnampalam Ramanathan Faculty of Visual and Performing Arts-UNIVERSITY OF JAFFNA, Sri Lanka, 3. Aleksander Zelwerowicz National Academy of Dramatic Art in Warsaw, Poland എന്നിവരുമായാണ് ധാരണാപത്രം ഒപ്പുവച്ചിരിക്കുന്നത്.
ഐ എഫ് ടി എസ് 2026 വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായും, ഒരുങ്ങി വരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിൻ്റെ (ഇറ്റ്ഫോക്ക്) തയ്യാറെടുപ്പുകളുടെ ഭാഗമായും, കേരള സംഗീത നാടക അക്കാദമിയുമായി ഇക്കുറി നാം കൈകോർക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിഖ്യാതരായ തിയേറ്റർ പ്രതിനിധികളെ പങ്കെടുപ്പിച്ച് കേരളത്തിൽ ഉടനീളം മൂന്നു ദിവസം നീളുന്ന തിയേറ്റർ ശില്‌പശാലകൾ ഈ സഹകരണത്തിൻ്റെ ഭാഗമായി ഒരുക്കും. നാടകപരിശീലന മേഖലയിലെ പരസ്‌പര സാംസ്‌കാരിക കൈമാറ്റം, അതോടൊപ്പം, കേരളത്തിലെ നാടകമേഖലയുടെ സമഗ്രമായ വികാസം – ഇവ രണ്ടിനും ഒരേ സമയം പ്രോത്സാഹനം നൽകുകയാണ് ഈ സംരംഭം വഴി.