പാലക്കാട്. പൂർണ്ണമായി ചികിത്സ നൽകുന്നതിന് മുമ്പ് ഒൻപത് വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് എതിരെയും അന്വേഷണവും തുടർ നടപടിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് – പ്രസീത ദമ്പതികളുടെ മകളായ ഒൻപത് വയസ്സ് പ്രായമുള്ളതും നാലാം കക്ലാസ്സിൽ പഠിക്കുന്നതുമായ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് കൈക്ക് പ്ലാസ്റ്റർ ഇട്ട് കുട്ടിയെ പറഞ്ഞയച്ചു. ദിവസങ്ങൾ കഴിഞ്ഞതും പരുക്ക് പഴുത്ത് ദുർഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയുടെ കൈമുട്ടിന് താഴത്തെ ഭാഗം ഡോക്ടർമാർ മുറിച്ച് മാറ്റി.
സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടർമാർക്ക് വീഴ്ച പറ്റിയതായി കാണിച്ച് കുട്ടിയുടെ മാതാ പിതാക്കൾ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ആരോഗ്യമന്ത്രി പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്ക് എതിരെ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശവും നൽകി
മതിയായ ചികിത്സ പൂർണ്ണമായി നൽകുന്നതിന് മുമ്പ് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടിന് എതിരെയാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ കൈ മുറിച്ച് മാറ്റാതെ തന്നെ മുറിവ് ഭേദമാക്കുവാൻ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ട്. ഇത്തരം അവസ്ഥയിൽ കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജിൽ ദിവസം തോറും എത്തുന്ന രോഗികളുടെ ശരീര അവയവങ്ങൾ മുറിച്ച് മാറ്റാതെ തന്നെ ചികിത്സ നൽകി ഭേദമാക്കി വിടുന്ന സാഹചര്യം നിലവിലുണ്ട്. അതിനാൽ വിനോദിനിക്ക് ആവിശ്യമായ മുഴുവൻ ചികിത്സയും പൂർണ്ണമായി നൽകാതെ വളരെ വേഗം കുട്ടിയുടെ കൈയുടെ മുട്ടിന് താഴെ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് എതിരെയും സമഗ്ര അന്വേഷണവും നടപടിയും വേണമെന്നാണ് അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.