ചെർപ്പുളശ്ശേരി. മാലിന്യ സംസ്കരണ രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റമാണ് സാധ്യമാക്കിയതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ്.ചെർപ്പുളശ്ശേരി നഗരസഭയുടെ ആർആർഎഫ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം, സിസിടിവി ക്യാമറ സ്ഥാപിക്കൽ,
അതിദാരിദ്ര്യമുക്ത നഗരസഭ പ്രഖ്യാപനം എന്നിവ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാലിന്യ സംസ്കരണ രംഗത്ത് ഹരിത കർമ്മ സേന അവിശ്വസനീയ മാറ്റമാണ് വരുത്തിയത്. രാജ്യം അംഗീകരിച്ച മാതൃകയായി ഹരിത കർമ്മ സേന മാറിയെന്നും മന്ത്രി പറഞ്ഞു.
പൊതുയിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത കൂടി ഇല്ലാതാവേണ്ടതുണ്ട്.പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവരിൽ നിന്നും അഞ്ച് മാസത്തിനിടെ 8 കോടി രൂപ പിഴ ഈടാക്കിയതായും മന്ത്രി അറിയിച്ചു. ‘
അതിദരിദ്രർക്ക് പ്രഥമ പരിഗണന നൽകിയാണ് സർക്കാർ പദ്ധതികൾ ആവിഷ്കരിച്ചത് . അതിൻ്റെ ഭാഗമായി നവംബർ ഒന്നിന് സംസ്ഥാനം അതിദരിദ്രരില്ലാത്ത നാടായി മാറി ചരിത്രത്തിൽ ഇടം പിടിക്കുമെന്നും മന്ത്രി കുട്ടിച്ചേർത്തു.മാലിന്യ സംസ്കരണ രംഗത്ത് പ്രത്യേക ഇടപെടൽ നടത്തി സ്വച്ഛ് സർവ്വേക്ഷനിൽ നേട്ടം കൈവരിച്ച നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.
പ്രത്യേക സർവ്വെയിലൂടെ കണ്ടെത്തിയ 137 ഗുണഭോക്താക്കൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയാണ് അതിദാരിദ്ര്യമുക്ത നഗരസഭ എന്ന നേട്ടം കൈവരിച്ചത്.
മാലിന്യ നിർമാർജനം ഊർജിതമാക്കാൻ നഗരസഭ ആധുനിക സൗകര്യങ്ങളോടെ 4836 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ആർആർഎഫ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ചെർപ്പുളശ്ശേരിയിലെ മഞ്ചക്കൽ മുതൽ കാക്കാതോട്, കച്ചേരിക്കുന്ന്, ഹൈസ്‌കൂൾ റോഡ്, ഒറ്റപ്പാലം റോഡ് എന്നിവ ഉൾപ്പെടെ 14 സ്ഥലങ്ങളിലായി 37 സിസിടിവി ക്യാമറകളും സ്ഥാപിച്ചു..
ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പി മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാനും നഗരസഭാ സ്വച്ഛ് അംബാസിഡറുമായ മട്ടന്നൂർ ശങ്കരൻകുട്ടി മുഖ്യാതിഥിയായി. നഗരസഭാ ചെയർമാൻ പി രാമചന്ദ്രൻ, വൈസ് ചെയർപേഴ്സൺ സി കമലം,സ്ഥിരം സമിതി അധ്യക്ഷരായ വി പി ജമീഷ്, കെ ടി പ്രമീള, സഫ്ന , മിനി, സാദിഖ് ഹുസൈൻ,, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജി വരുൺ, ക്ലീൻ സിറ്റി മാനേജൻ സി മനോജ് കുമാർ, കെ എസ് ഡബ്ലിയു എം പി എൻവയോൺമെൻ്റൽ എഞ്ചിനീയർ എസ് അനിത, നഗരസഭാംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ സെക്രട്ടറി വി ടി പ്രിയ റിപ്പോർട്ട് അവതരിപ്പിച്ചു.