സുൽത്താൻ ബത്തേരി സ്‌കൂളിൽ 2019 പഠിച്ച് കൊണ്ടിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയ്ക്ക് പാമ്പ് കടിയേറ്റ് മതിയായ ചികിത്സ കിട്ടാതെ കുട്ടി മരണപ്പെട്ട സാഹചര്യത്തിൽ സർക്കാറിന്റെ താലൂക്ക് , ജില്ല, ജനറൽ ആശുപത്രികളിൽ പീഡിയാട്രിക് വെന്റിലേറ്റർ അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷിതത്വത്തിന് മാർഗ്ഗരേഖ വേണമെന്നും ആവിശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഫയൽ ചെയ്ത പൊതു താല്പര്യ ഹർജിയും പാമ്പ് കടിയേറ്റ് കുട്ടി മരിക്കാൻ ഇടയായ സാഹചര്യത്തിൽ കോടതി സ്വമേധയാ എടുത്ത കേസും സംയുക്തമായി വിധി പറയാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് മാറ്റി. ചീഫ് സെക്രെട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷാ മാർഗ്ഗരേഖ കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ചിരുന്നു. ഇതിൽ ഹർജി സമർപ്പിച്ച അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ ശുപാർശകളും സർക്കാർ പരിഗണിച്ചതായി സർക്കുലറിൽ സർക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തീർപ്പാക്കി വിധി പറയുവാൻ മാറ്റിയത്. ചീഫ് ജസ്റ്റിസ് നിതിൻ ജാമ്ദാർ, ജസ്റ്റിസ് അന്നമ്മ ഈപ്പൻ എന്നിവരാണ് ഹർജി പരിഗണിച്ചത്. വരുന്ന ഇരുപത്തിയഞ്ചാം തീയതി ഉത്തരവ് പുറപ്പെടുവിക്കുവാൻ ഹർജികൾ കോടതി മാറ്റി.