കാട്ടാക്കട പോക്സോ കോടതിയിലെ പണ തിരിമറിയെ സംബന്ധിച്ചും, ജഡ്ജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിക്കുവാൻ സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം റൂറൽ എസ്.പി . യ്ക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും, പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൻമേലാണ് സംസ്ഥാന പോലീസ് മേധാവി ഡി.വൈ.എസ്.പി. യിൽ കുറയാത്ത ഉദ്യോഗസ്ഥനെ കൊണ്ട് സംഭവത്തിൽ അന്വേഷണം നടത്തുവാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
കോടതിയിൽ നടന്ന പണ തിരിമറി കേസിലും തീവയ്പ്പ് കേസിലും ആരോപണ വിധേയനായ കോടതിയിലെ ചീഫ് മിനിസ്ടറിയൽ ഓഫീസർ ശ്രീലാലിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സംഭവങ്ങളിൽ ജഡ്ജിയുടെ മൊഴിയടക്കം ശേഖരിച്ച് എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണം ഉറപ്പ് വരുത്തണമെന്നാണ് കുളത്തൂർ ജയ്‌സിങിന്റെ പരാതിയിൽ ആവശ്യപ്പെട്ടിരുന്നത്.