ചെർപ്പുളശ്ശേരി. നഗര നവീകരണം എല്ലാം നടത്തിക്കൊണ്ട് മുഖച്ഛായ തന്നെ മാറ്റിയ ചെർപ്പുളശ്ശേരി നഗരത്തിൽ അപകടം വിളിച്ചോതി കൊണ്ടുള്ള പഴയ ബസ്റ്റാൻഡ് കെട്ടിടം നാട്ടുകാർക്ക് തലവേദനയാകുന്നു. അതിനുള്ളിലെ കച്ചവടക്കാരെല്ലാം പൂട്ടി സ്ഥലം വിട്ടിട്ടും കോൺക്രീറ്റ് പാളികൾ യാത്രക്കാരുടെ തലയിലേക്ക് വീണ് അപകടം പറ്റാതിരിക്കാൻ ഉടനെ തന്നെ ഈ കെട്ടിടം പൊളിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.. നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കം മഴയും വെയിലും കൊള്ളാതെ നിൽക്കുന്ന ഈ കെട്ടിടത്തിന്റെ പരിതാപകരമായ അവസ്ഥ യാത്രക്കാർക്ക് അറിയുന്നില്ല എന്നതാണ് സത്യം. എന്നാൽ അധികാരികൾക്ക് കൃത്യമായി ഈ കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നുണ്ടെന്ന് വ്യക്തമായി അറിയാം.
പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം പുതിയ ബസ്റ്റാൻഡ് എന്ന പേരിൽ ഒരു കെട്ടിടം കെട്ടിയതല്ലാതെ നാളിതുവരെ അതിന്റെ പ്രവർത്തനം നടന്നിട്ടില്ല. എന്നാൽ കൊട്ടിഘോഷിച്ചു അതിന്റെ ഉദ്ഘാടനം എല്ലാം നേരത്തെ തന്നെ നടത്തുകയും ചെയ്തിരുന്നു.
കോടിക്കണക്കിന് രൂപ ചിലവഴിച്ചു കൊണ്ട് ഇടതുപക്ഷ സർക്കാർ ചെർപ്പുളശ്ശേരി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയപ്പോൾ അതേ ഇടതുപക്ഷ കക്ഷികൾ ഭരിക്കുന്ന നഗരസഭയ്ക്ക് ഈ ജീർണിച്ച കെട്ടിടം കണ്ടില്ലെന്നു നടിക്കാൻ എങ്ങനെ ധൈര്യം വരുന്നു എന്നതാണ് നാട്ടുകാരുടെ ചോദ്യം.. ഏതായാലും കെട്ടിടം പൊളിഞ്ഞു വീഴുന്നതിനു മുമ്പ് ഇതിനൊരു പരിഹാരം കാണും എന്ന് നമുക്ക് പ്രതീക്ഷിക്കാം… 