പാലക്കാട്. വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാതല ഐ.സി.ഡി.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിൽ, അങ്കണവാടികളിൽ പരിഷ്കരിച്ച മാതൃകാ ഭക്ഷണ മെനു ആരംഭിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാനതലത്തിൽ പാലക്കാട് ജില്ലയിൽ ആദ്യമായി നടത്തിയ ഈ പരിശീലന പരിപാടി രണ്ട് സെഷനുകളിലായാണ് സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിൻ്റെ ഗൈഡ്‌ലൈനുകൾ അനുസരിച്ച്, ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവയുടെ ഉപയോഗം കുറച്ച് പോഷകമൂല്യം നിലനിർത്തിക്കൊണ്ട് കുട്ടികൾക്ക് ഭക്ഷണം പാചകം ചെയ്തു നൽകുന്നതിനുള്ള പരിശീലനമാണ് ജീവനക്കാർക്ക് നൽകിയത്. ഓണത്തിന് ശേഷം എല്ലാ അങ്കണവാടികളിലും പുതുക്കിയ ഭക്ഷണ മെനു വിതരണം ആരംഭിക്കും.
മുണ്ടൂർ യുവക്ഷേത്ര കോളേജിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലാ ഐ.സി.ഡി.എസ്. സെൽ പ്രോഗ്രാം ഓഫീസർ ടി.വി. മിനിമോൾ, സി.ഡി.പി.ഒ.മാരായ ബിന്ദു, സ്വപ്ന, സൂപ്പർവൈസർമാരായ ബെനിതാ അഗസ്റ്റിൻ, ഹിമ, യുവക്ഷേത്ര കോളേജ് എക്സിക്യൂട്ടീവ് ഷെഫ് വിനോദ് എന്നിവർ നേതൃത്വം നൽകി. ഐ.സി.ഡി.എസ്. ഓഫീസർമാർ, സൂപ്പർവൈസർമാർ എന്നിവർ ഉൾപ്പെടെ നൂറോളം ജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു.