മലപ്പുറം :ചട്ടിപ്പറമ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഫിസിയോതെറാപ്പി കം റിഹാബിലിറ്റേഷൻ സെൻറർ ഈ മാസം 30 ന് ശനിയാഴ്ച കാലത്ത് 10.30ന് ബഹു:ഇ.ടി. മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും റിഹാബിലിറ്റേഷൻ മാനേജ്മെൻറ് കമ്മിറ്റി ചെയർപേഴ്സണുമായ എം കെ റഫീഖ അധ്യക്ഷത വഹിക്കും. എംഎൽഎ മാരായ മഞളാംകുഴി അലി ,കെ പി എ മജീദ്, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ, പി.ഉബൈദുല്ല, എന്നിവരും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരും അംഗങ്ങളും സഹകരണ സ്ഥാപന അധ്യക്ഷന്മാരും ആരോഗ്യം – സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥ പ്രമുഖരും സാമൂഹ്യ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.
ദിവംഗതയായ ദേശീയ അവാർഡ് ജേതാവ് പത്മശ്രീ കെ.വി. റാബിയ 2015 ൽ തറക്കല്ലിട്ട സ്ഥാപനമാണിത്. 2.81 കോടി രൂപ കെട്ടിട നിർമ്മാണത്തിനും യന്ത്ര സാമഗ്രികൾക്കുമായി ചിലവ് വന്നു.
റോഡുകളിലും തൊഴിലിടങ്ങളിലും സംഭവിക്കുന്ന അപകടങ്ങളിൽ പരിക്ക് പറ്റി നട്ടെല്ലിന്ന് ക്ഷതം സംഭവിച്ചും പക്ഷാഘാതം മൂലവും (സ്ട്രോക്ക് – സെറിബ്രൽ അറ്റാക്ക് ) ശരീരരത്തിൻ്റെ ചലന ശേഷി നഷ്ടപ്പെട്ട് ജീവിതകാലം മുഴുവൻ കിടപ്പിലാവാനോ വീൽചെയറിനെ ആശ്രയിക്കുവാനോ സാധ്യതയുള്ളവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരുന്നതിന് വേണ്ടിയുള്ള ചികിത്സ നല്കുന്നതിനാണ് റിഹാബിലിറ്റേഷൻ സെൻ്റർ – ഒരു ജില്ലാ പഞ്ചായത്ത് ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നത് ആദ്യമായിട്ടാണ് – തുടക്കത്തിൽ പകൽ മാത്രമുള്ള (ഒ.പി )ചികിത്സയും ഭാവിയിൽ കിടത്തി (ഐ.പി) ചികിത്സയുമാണ് ഉദ്ദേശിക്കുന്നത്.
സ്ഥാപനം യാഥാർത്ഥ്യമാക്കിയത് ജില്ലാ പഞ്ചായത്താണെങ്കിലും ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ അനുമതിയില്ലാത്തതിനാൽ സ്ഥാപനത്തിൻ്റെ തുടർ നടത്തിപ്പ് ജനകീയ പങ്കാളിത്തത്തോട് കൂടിയാണ് മുന്നോട്ട് കൊണ്ട് പോവാനാണുദ്ദേശിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ പറഞ്ഞു. ചെറു കുളമ്പിലെ ചെമ്പകശ്ശേരി ഉമ്മർ ഹാജി എന്ന മഹാനുഭാവൻ ആണ് സെൻറർ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സംഭാവന നൽകിയത്.കുറുവ ഗ്രാമപഞ്ചായത്തിന് ആയുർവേദ ആശുപത്രി സ്ഥാപിക്കുന്നതിനുള്ള സ്ഥലവും നേരത്തെ അദ്ദേഹം സംഭാവന നൽകിയിരുന്നു.ഈ രണ്ടു സ്ഥാപനങ്ങളിലേക്കും ഉള്ള ഗതാഗത സൗകര്യത്തിന് ആവശ്യമായ റോഡ് നിർമ്മിക്കുവാനുള്ള സ്ഥലവും അദ്ദേഹം തന്നെയാണ് സംഭാവന നൽകിയത്. പ്രാദേശിക സർക്കാറുകൾക്ക്തെറാപ്പി സെന്ററും റിഹാബിലിറ്റേഷൻ സെന്ററുമൊക്കെ സ്ഥാപിക്കുവാൻ ഫണ്ട് ചെലവഴിക്കുന്നതിന് അനുമതിയുണ്ടെങ്കിലും സ്ഥാപനത്തിൻറെ തുടർ നടത്തിപ്പിന് ആവശ്യമായി വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ നിലവിലുള്ള നിയമപ്രകാരം അനുമതിയില്ല.ആയതിനാൽ ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരും സംഭാവനകൾ നൽകുന്നവരും സഹകരണ സ്ഥാപനങ്ങളും ഉദാരമനസ്കരായ എല്ലാവരും ഈ സ്ഥാപനത്തിൻറെ തുടർ നടത്തിപ്പിന് സഹായസഹകരണങ്ങൾ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനായി ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റികളുടെ (എച്ച് എം സി )രൂപത്തിൽ റിഹാബിലിറ്റേഷൻ മാനേജ്മെൻറ് കമ്മിറ്റി (ആർ എം സി )രൂപീകരിച്ചിട്ടുണ്ട്.