anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം ദേശീയതലത്തില്‍ ശ്രദ്ധേയം-മന്ത്രി ആര്‍.ബിന്ദു*

പാലക്കാട്. ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ മുന്നേറ്റം ദേശീയതലത്തില്‍ ശ്രദ്ധേയമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു.ചിറ്റൂര്‍ ഗവണ്‍മെന്റ് വനിത ഹോസ്റ്റല്‍ ബ്ലോക്ക് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയതലത്തില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് വരുന്നു. നാഷണല്‍ അസെസ്സ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍(നാക്) പരിശോധനയില്‍ സംസ്ഥാനത്തെ 159 കോളേജുകള്‍ക്ക് എ ഗ്രേഡിന് മുകളില്‍ ലഭിച്ചു. ദേശീയതലത്തില്‍ ആദ്യ 12 റാങ്കുകളില്‍ മൂന്നെണ്ണം കേരളത്തില്‍ നിന്നുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടി. ആദ്യ 200 സ്ഥാപനങ്ങളില്‍ 42 എണ്ണം കേരളത്തില്‍ നിന്നുള്ളതാണ്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച 21% ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലാണെന്നാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 6000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചു. കിഫ്ബി, റൂസ ഫണ്ടുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടുകള്‍ തുടങ്ങിയ ഉപയോഗിച്ച് 2000 കോടിയിലധികം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ പൂര്‍ത്തിയാക്കി.
സ്മാര്‍ട്ട് ക്ലാസ് മുറികളോടുകൂടിയ അക്കാദമിക് ബ്ലോക്കുകള്‍, നവീകരിച്ച ലൈബ്രറികള്‍, ഹോസ്റ്റലുകള്‍ എന്നിവ ചുരുങ്ങിയ കാലയളവില്‍ ഉറപ്പാക്കാന്‍ സാധിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രായോഗിക സമീപനത്തോടെയുള്ള സമഗ്ര പരിഷ്‌കരണത്തിനാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയതെന്നും മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി കേരളത്തെ ഒരു നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ചരിത്രത്തിലാദ്യമായി ഒരു സമഗ്ര കരിക്കുലം ഫ്രെയിംവര്‍ക്ക് രൂപീകരിക്കുകയും അതിനെ അടിസ്ഥാനമാക്കി നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പാക്കുകയും ചെയ്തു. തൊഴില്‍-വിദ്യാഭ്യാസ മേഖലയിലെ നൈപുണ്യ വിടവ് നികത്താന്‍ ഇത് സഹായിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. യുവജനങ്ങളുടെ നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘യങ് ഇന്നോവേറ്റര്‍ പ്രോഗ്രാം’ നടപ്പാക്കി. ഇതിന്റെ ഭാഗമായി 500-ഓളം കലാലയങ്ങളില്‍ ടെക്‌നോ ബിസിനസ് ഇന്‍കുബേറ്ററുകള്‍ സ്ഥാപിച്ചു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം(അസാപ്) പോലുള്ള പദ്ധതികള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അഭിമാനമാണ്. ഇതുവഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബര്‍ സെക്യൂരിറ്റി, ഡാറ്റാ അനലിറ്റിക്‌സ് തുടങ്ങിയ പുതിയ കാലഘട്ടത്തിന് ആവശ്യമായ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നു. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗവേഷണ താത്പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നല്‍കി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് പുലര്‍ത്താനും യുവജനങ്ങളെ അറിവിന്റെ ഉത്പാദകരും സംരംഭകരുമാക്കി മാറ്റാനും ഈ പ്രവര്‍ത്തനങ്ങള്‍ സഹായകമായി. ഒന്‍പത് കോടി രൂപ ചെലവില്‍ പുതിയ ഓഡിറ്റോറിയം ഈ കലാലയത്തില്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതിയായിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

എം.ജി. ഹാളില്‍ നടന്ന പരിപാടിയില്‍ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ഔപചാരിക വിദ്യാഭ്യാസത്തിനപ്പുറം പ്രായോഗികതയില്‍ ഊന്നി മനുഷ്യസമൂഹത്തിന് വേണ്ടത് നല്‍കേണ്ടത് പ്രധാനമാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

6.61 കോടി രൂപ ചെലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. ചിറ്റൂര്‍ ഗവ. കോളേജിന് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് വലിയ മുതല്‍ക്കൂട്ടാകും. 2364 ചതുരശ്ര മീറ്റര്‍ വീസ്തീര്‍ണത്തിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ആറ് ഡോര്‍മെറ്ററികള്‍, 18 മുറികള്‍, ശുചിമുറികള്‍, അടുക്കള, വിശാലമായ ഡൈനിങ് ഹാള്‍, വായനാമുറി, മൂന്ന് ഓപ്പണ്‍ കോര്‍ട്ടിയാര്‍ഡുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 100 വിദ്യാര്‍ഥികള്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് പുതിയ ഹോസ്റ്റല്‍ ബ്ലോക്കില്‍ ഒരുക്കിയിട്ടുള്ളത്.

പൊതുമരാമത്ത് കെട്ടിടം വകുപ്പ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ജെ ഷമിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിറ്റൂര്‍ തത്തമംഗലം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത, ചിറ്റൂര്‍ തത്തമംഗലം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എം.മുകേഷ്, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്
സിന്‍ഡിക്കേറ്റ് അംഗം റിച്ചാര്‍ഡ് സ്‌കറിയ, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് ടി.റെജി,
പി.ടി.എ വൈസ് പ്രസിഡന്റ് കെ. അരവിന്ദാക്ഷന്‍,അലുംനി അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ. ടി.ജയദേവന്‍,ചിറ്റൂര്‍കോളേജ് സീനിയര്‍ സൂപ്രണ്ട് ആര്‍.മഞ്ജുഷ, കോളേജ് യൂണിയന്‍ പ്രതിനിധി ആര്‍.ഹൃദ്യപാര്‍വ്വതി,ഹോസ്റ്റല്‍ വാര്‍ഡന്‍ സി.ജഗന്നാഥന്‍, വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Spread the News

Leave a Comment