anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സുസ്ഥിര തൃത്താല : ജലസമൃദ്ധമായി നവീകരിച്ച പാപ്പിക്കുളം*

തൃത്താല. സുസ്ഥിര തൃത്താല പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ തൃത്താല മണ്ഡലത്തിലെ പാപ്പിക്കുളവും ജലസമൃദ്ധമായി.തൃത്താല മണ്ഡലത്തിന്റെ സമഗ്ര വികസന ലക്ഷ്യമാക്കി തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ്മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. സൂക്ഷ്മ നീർത്തട വികസനത്തിനായി സംസ്ഥാന ബജറ്റിൽ ലഭ്യമാക്കിയ രണ്ട് കോടി രൂപയിൽ നിന്ന് 24 ലക്ഷം രൂപ ചെലവഴിച്ചാണ് പാപ്പിക്കുളം നവീകരിച്ചത്.

നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ വരുന്ന ആമക്കാവ് പാടശേഖരത്തിൻ്റെ തലക്കുളമാണ് പാപ്പിക്കുളം. റോഡിൽ നിന്നുള്ള മണ്ണും ചെളിയും മറ്റു അവശിഷ്ടങ്ങളും അടിഞ്ഞ് സുരക്ഷ ഭിത്തികളൊന്നുമില്ലാതെ പൂർണ്ണമായും നശിച്ച അവസ്ഥയിലായിരുന്നു കുളം.

കുളത്തിലെ മണ്ണും ചെളിയും നീക്കം ചെയ്ത് ആഴം കൂട്ടിയത് മൂലം സംഭരണശേഷി 10 ലക്ഷം ലിറ്ററിൽ നിന്ന് 21 ലക്ഷം ലിറ്ററായി ഉയർത്തുവാൻ സാധിച്ചു. കൂടാതെ കുളത്തിലേക്കുള്ള മണ്ണിടിച്ചിൽ ഒഴിവാക്കുന്നതിന് വേണ്ടി സംരക്ഷണഭിത്തികളും ലാറ്ററൈറ്റ് പിച്ചിങ്ങും ഒരുക്കി. കുളത്തിലേക്ക് ഇറങ്ങുന്നതിനു വേണ്ടി പടവുകളും, റോഡിൽ നിന്നുള്ള മലിനജലവും ചെളിയും തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പാരപ്പറ്റ് വാളും തയ്യാറാക്കി. അധിക ജലം ഒഴുകിപ്പോകുന്നതിനായി ഔട്ട്ലറ്റ് പൈപ്പും ഒരുക്കിയിട്ടുണ്ട്.
ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഭൂഗർഭജലവിതാനത്തിൽ സെമി ക്രിട്ടിക്കൽ സ്റ്റേജിലായിരുന്ന തൃത്താലയെ ജലസമൃദ്ധമാക്കാൻ സുസ്ഥിര തൃത്താല വഴിയൊരുക്കി. സുസ്ഥിര തൃത്താലയിലൂടെ ഇതുവരെ 107 കാർഷിക കുളങ്ങളാണ് നിർമ്മിച്ചത്. 67 പൊതുകുളങ്ങൾ നവീകരിക്കുകയും ചെയ്തു. നിർമ്മാണം പൂർത്തീകരിച്ച പാപ്പിക്കുളം ജൂൺ 20 ന് ജനങ്ങൾക്ക് സമർപ്പിക്കും.

Spread the News

Leave a Comment