anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വാഴേങ്കട കുഞ്ചുനായർ മെമ്മോറിയൽ ട്രസ്റ്റ് മുപ്പത്തിയെട്ടാം വാര്‍ഷികം ശനിയാഴ്ച

ചെർപ്പുളശ്ശരി. കഥകളിയെ അതിന്റെ സൗന്ദര്യശാസ്ത്ര സമീക്ഷയില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ പുതിയകാലത്തിന്റെ ഭാവുകത്വത്തിലേക്ക് കണ്ണിചേര്‍ക്കാന്‍ ശ്രമിച്ച ആചാര്യനാണ് പത്മശ്രീ വാഴേങ്കട കുഞ്ചുനായര്‍. ഈ പരിശ്രമത്തിന്റെ തുടര്‍ച്ചയും വളര്‍ച്ചയും ലക്ഷ്യം വച്ചാണ് ട്രസ്റ്റ് അതിന്റെ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. അതുകൊണ്ടാണ് കഥകളിയുടെ ആവിഷ്ക്കാരത്തികവാര്‍ന്ന അവതരണസന്ദര്‍ഭങ്ങള്‍ ഒരുക്കുക എന്നത് ട്രസ്റ്റിന്റെ പ്രാഥമിക ഉത്തരവാദിത്തമായി കണ്ടതെന്ന് വാർഷിക സംഘാടകർ ചെർപ്പുളശ്ശേരിയിൽ വർത്താ സമ്മേളനത്തിൽ പറഞ്ഞു. ട്രസ്റ്റ്‌ അതിന്റെ വാർഷികം ശനിയാഴ്ച ആഘോഷിക്കും

മികച്ച കഥകളി അവതരണങ്ങള്‍ ഉണ്ടാവണമെങ്കില്‍ അതിനുതക്ക ഉള്‍ക്കാഴ്ചയുള്ള ഒരു പ്രേക്ഷക സമൂഹവും രൂപപ്പെടേണ്ടതുണ്ട്. ഈ കാഴ്ചപ്പാടോടെയാണ് ട്രസ്റ്റിന്റെ നേതൃത്യത്തില്‍ കഥകളി ശില്പശാലകളും ചൊല്ലിയാട്ടക്കളരികളും കഥകളി ഉത്സവങ്ങളും പ്രതിമാസ കഥകളി അവതരണങ്ങളും കലാസംബന്ധിയായ കൃതികളുടെ പ്രസിദ്ധീകരണവും എല്ലാം സംഘടിപ്പിക്കുന്നത്. കഥകളിയോടൊപ്പംതന്നെ കൂടിയാട്ടം ഉള്‍പ്പടെയുള്ള ക്ലാസിക്കല്‍ കലകളുടെ അവതരണവും സംവാദവും സംഘടിപ്പിക്കാനും ഇക്കാലയളവില്‍ ട്രസ്റ്റിനു സാധിച്ചിട്ടുണ്ട്. കൂടാതെ നൃത്ത പരിപാടികളും ക്ലാസിക്കല്‍ കലകളെ മുന്‍നിര്‍ത്തിയുള്ള സെമിനാറുകളും ട്രസ്റ്റ് മുന്‍കയ്യെടുത്ത് സംഘടിപ്പിക്കുന്നുണ്ട്.

കാറല്‍മണ്ണയുടെ ഒരു സാംസ്ക്കാരികോത്സവമെന്നനിലയിലാണ് ട്രസ്റ്റിന്റെ മുപ്പത്തിയെട്ടാം വാർഷികാഘോഷത്തിന്റെ ഉള്ളടക്കം രൂപനിര്‍ണ്ണയം ചെയ്തിട്ടുള്ളത്. കാറല്‍മണ്ണയിലെ നാടോടി കലാരൂപങ്ങളുടെയും ശാസ്ത്രീയ കലകളുടെയും പ്രയോക്താക്കളായ എല്ലാ കലാകാരന്മാരുടെയും ഒരു സമ്മേളനവേദിയാവും ഈ വാര്‍ഷികാഘോഷം.

24-ന് കാലത്ത് 9 മണിക്ക് ട്രസ്റ്റില്‍ ചെണ്ട അഭ്യസിക്കുന്ന കുട്ടികളുടെ പഞ്ചാരിമേളത്തോടെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ആരംഭം കുറിക്കും. തുടര്‍ന്ന് ഒപ്പന, തിരുവാതിരകളി, നാടൻ പാട്ട്, കവിതാവതരണം, മിമിക്രി, നാടകം തുടങ്ങി വൈവിധ്യമാര്‍ന്ന കാലാവിഷ്ക്കാരങ്ങളാണ് ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി അരങ്ങേറുക.

ഉച്ചക്ക് 2.30–ന് ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം നടക്കും. ഈ യോഗത്തിൽ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും വരും വർഷത്തെ കർമ്മപദ്ധതിക്ക് രൂപം നൽകുകയും ചെയ്യും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം ചെർപ്പുളശ്ശേരി മുനിസിപ്പൽ ചെയർമാൻ പി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ കൗൺസിലർമാർ ആശംസകൾ അർപ്പിക്കും. ഈ വർഷം വിവിധ മേഖലകളില്‍ സംസ്ഥാന തലത്തിൽ വിജയം നേടിയ കാറല്‍മണ്ണക്കാരായ വിദ്യാർത്ഥികളെ യോഗത്തിൽവെച്ച് അനുമോദിക്കും.

രജിത നരിപ്പറ്റ, വിനോദ് കൃഷ്ണൻ
എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

 

Spread the News

Leave a Comment