*സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17-ന് വയനാട് കൽപ്പറ്റയിൽ*
കുട്ടികളിൽ . പോഷകസുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാലയങ്ങളിൽ ഫലവൃക്ഷ സംസ്‌കാരം വളർത്തുന്നതിനു .മായി കൃഷിവകുപ്പ് നടപ്പാക്കുന്ന ‘കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 17-ന് വയനാട് കൽപ്പറ്റയിലെ എസ് കെ എം ജെ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. ഐ സി ബാലകൃഷ്ണൻ എം എൽ എ അധ്യക്ഷത വഹിക്കും.
സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പഴവർഗ്ഗ പോഷകത്തോട്ട പദ്ധതിയിലൂടെയാണ് ‘കനിപ്പന്തൽ – ഇനി വിദ്യാലയങ്ങളിലും’ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 2,921 തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലായി പഴവർഗ്ഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കും. ഓരോ ജില്ലയിലും ശരാശരി 300 യൂണിറ്റുകൾ വീതം സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടിട്ടുണ്ട്.
പോഷകത്തോട്ടം ഒരുക്കുന്നതിനാവശ്യമായ ഫലവൃക്ഷത്തൈകൾ കൃഷിവകുപ്പ് സൗജന്യമായി വിതരണം ചെയ്യും. മാവ്, പ്ലാവ്, പേര, നെല്ലി, സപ്പോട്ട, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ,. പാഷൻ ഫ്രൂട്ട് തുടങ്ങിയ വിവിധ ഫലവൃക്ഷങ്ങളാണ് പദ്ധതിയുടെ ഭാഗമായി. വിദ്യാലയങ്ങളിൽ നട്ടുപിടിപ്പിക്കുക. ഫലവൃക്ഷത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിന് ആവശ്യമായ ഫലവൃക്ഷത്തൈകൾ കൃഷി വകുപ്പ് സൗജന്യമായി വിതരണം ചെയ്യും.
കുട്ടികൾക്ക് പോഷകസമൃദ്ധമായ പഴങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കൃഷിയോടും പ്രകൃതിയോടും പരിസ്ഥിതിയോടും താൽപര്യം വളർത്തുക, ഫലവൃക്ഷ സംരക്ഷണ സംസ്‌കാരം വിദ്യാലയങ്ങളിൽ വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
വിദ്യാലയ ക്യാമ്പസുകളെ ആരോഗ്യകരവും ഹരിതസമൃദ്ധവുമായ പഠനാന്തരീക്ഷമാക്കി മാറ്റുന്നതിനൊപ്പം, വിദ്യാർത്ഥികളിൽ പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും വളർത്താനും പദ്ധതി സഹായകരമാകും. കൃഷി വകുപ്പ് പദ്ധതി എന്നതിലുപരി, വിദ്യാർത്ഥികളെ പ്രകൃതിയോടും കൃഷിയോടും നമ്മുടെ സാംസ്‌കാരിക മൂല്യങ്ങളോടും കൂടുതൽ അടുപ്പിക്കുകയും അനാരോഗ്യകരമായ പ്രവണതകളിൽ നിന്ന് നല്ല ജീവിതശൈലിയിലേക്ക് നയിക്കുകയും ചെയ്യുന്ന സാമൂഹിക ഇടപെടൽ കൂടിയായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ജനപ്രതിനിധികൾ, കൃഷി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ, വി എഫ് പി സി കെ. പ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.