മലപ്പുറം ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ ആന്‍ഡ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തസ്തികയിലെ നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി യോഗ്യരായ അഭിഭാഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (2023) 18ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കും 1978-ലെ കേരള ഗവണ്‍മെന്റ് ലോ ഓഫീസേഴ്‌സ് ചട്ടങ്ങള്‍ക്കും അനുസൃതമായാണ് നിയമനം നടത്തുന്നത്. അപേക്ഷകര്‍ക്ക് അഭിഭാഷകവൃത്തിയില്‍ കുറഞ്ഞത് ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 60 വയസ്സിന് താഴെയായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിശദമായ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും സമര്‍പ്പിക്കണം. പേര്, മേല്‍വിലാസം, പ്രായം, ജനനത്തീയതി, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, എന്റോള്‍മെന്റ് നമ്പരും തീയതിയും എന്നിവ അപേക്ഷയില്‍ ഉണ്ടായിരിക്കണം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, അഭിഭാഷകവൃത്തിയില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കി എന്ന് തെളിയിക്കുന്നതിനായി ബന്ധപ്പെട്ട ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അല്ലെങ്കില്‍ സെക്രട്ടറിയുടെ അസ്സല്‍ സാക്ഷ്യപത്രം എന്നിവയും അപേക്ഷയോടൊപ്പമുണ്ടാകണം. പൂരിപ്പിച്ച അപേക്ഷകള്‍ ജൂലൈ 18-ന് വൈകുന്നേരം നാലിനകം മലപ്പുറം ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാലിലോ ലഭ്യമാക്കണം. ഫോണ്‍- 0483-2734922.