ചെറുപ്പുളശ്ശേരി. ചെർപ്പുളശ്ശേരി നഗരത്തിൽ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന് റിപ്പോർട്ട്. അനുഗ്രഹ വിഷൻ നടത്തിയ അന്വേഷണത്തിലാണ് മാരകമായ മയക്കുമരുന്നുകൾ ചെറുപ്പുളശ്ശേരി പ്രദേശത്ത് യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്. നഗരത്തിലെ സ്വാശ്രയ കോളേജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപനം നടക്കുന്നത്. വൻമാഫിയ സംഘം തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കേരള സർക്കാർ നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസ് പോലീസ് എന്നിവർ പരിശോധന നടത്തുന്നുണ്ടെങ്കിലും വലിയ മീനുകളിലേക്ക് എത്താൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. നഗരത്തിലെ ഉൾ ഗ്രാമങ്ങളിൽ പോലും മയക്കുമരുന്നിന്റെ വ്യാപനം സജീവമാണെന്നാണ് അനുഭവസ്തർ പറയുന്നത്. യുവാക്കളിൽ ഇത് മറ്റ് അസുഖങ്ങളിലേക്കും പടർന്നു പിടിച്ചതായും പല യുവാക്കളും ചികിത്സാ കേന്ദ്രങ്ങളിൽ അഡ്മിറ്റ് ചെയ്തതായും വിവരങ്ങൾ ഉണ്ട്. എന്നാൽ ഇത് പുറത്തു പറയാൻ വീട്ടുകാരോ നാട്ടുകാരോ തയ്യാറല്ല എന്നതാണ് ഇതിന്റെ പ്രധാന കുരുക്ക്.
തങ്ങളുടെ കോളേജുകളിൽ ഇത്തരത്തിലുള്ള ഉപയോഗമുണ്ടെന്ന് അധികാരികളും സമ്മതിക്കുന്നു. സാമൂഹ്യപശ്ചാത്തലം കോളേജുകളെയും ബാധിച്ചിട്ടുണ്ട് എന്നതാണ് കോളേജ് അധികൃതരുടെ വാദം. ചെറിയ തോതിലുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളിൽ തുടങ്ങി കഞ്ചാവ് എംഡി എം എ മറ്റ് രാസ ലഹരികൾ എന്നിവകളിലേക്ക് യുവാക്കൾ വഴിമാറി പോകുന്നു. കാര്യങ്ങൾ കൈവിട്ടു പോകുമ്പോഴാണ് പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾ ഇത്തരം കെണിയിൽ അകപ്പെട്ട കാര്യം അറിയുന്നത്. തുടർന്ന് നടത്തുന്ന ചികിത്സ പലപ്പോഴും ഫലപ്രദമാകാതെ പോകുന്നു. ആൺകുട്ടികളും പെൺകുട്ടികളും ഇത്തരത്തിൽ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നുണ്ട് എന്നത് മറ്റു ജില്ലകളെപ്പോലെ തന്നെ പാലക്കാട് ജില്ലയിലും വിശിഷ്യാ ചെർപ്പുളശ്ശേരിയിലും കണ്ടുവരുന്നുണ്ട്. ഏതായാലും മയക്കുമരുന്ന് നിർമാർജനപ്രക്രിയയിൽ ഒറ്റക്കെട്ടായി ജനങ്ങൾ സഹകരിക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. മാത്രമല്ല പോലീസ് എക്സൈസ് വിഭാഗങ്ങൾ നടത്തുന്ന മിന്നൽ പരിശോധനകളും നടപടികളും ഈ മാഫിയകളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ ഏറ്റവും അധികം ലഹരി പദാർത്ഥങ്ങൾ വിതരണം ചെയ്യുന്നത് ചെർപ്പുളശ്ശേരി മേഖലയിൽ ആണെന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആണ്. മയക്കുമരുന്നിന്റെ ഉപയോഗം അറിയുന്ന രക്ഷിതാക്കളും നാട്ടുകാരും പോലീസിനെയോ എക്സൈസിനെയോ നാട്ടിലെ സന്നദ്ധപ്രവർത്തകരെയോ അറിയിക്കണമെന്നതാണ് ബന്ധപ്പെട്ട അധികാരികൾ പറയുന്നത്.
അല്ലെങ്കിൽ നമ്മുടെ ഭാവി തലമുറ ഭ്രാന്തമായ അവസ്ഥയിലേക്ക് മാറും എന്നതിൽ സംശയമില്ല.
മയക്കുമരുന്ന് ഉപയോഗിച്ചത് എങ്ങനെ കണ്ടെത്താം
തലവേദന തലകറക്കം മുറിയിൽ ചടഞ്ഞുള്ള കിടത്തം, പുറത്തുനിന്നുമുള്ള കൂട്ടുകാരുടെ നിരന്തര സമ്പർക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ നിങ്ങളുടെ കുട്ടികളുടെ വാസസ്ഥലം കൃത്യമായി പരിശോധിക്കേണ്ടതും ലഹരിപദാർത്ഥങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ അത് ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതുമാണ്. ഇതിൽ മടി കാണിക്കുന്ന പക്ഷം നിങ്ങളുടെ വീട്ടിലെ കുട്ടികൾ വലിയ വിപത്തിലേക്കാണ് സഞ്ചരിക്കുന്നത് എന്ന് ഓർക്കുക. കരുതലും സ്നേഹവും കൊടുത്ത് അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക. നമ്മുടെ ഭാവി തലമുറ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും.