ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ റോഡ് നാലുവരി പാതയായി മാറിയശേഷം ഈ വഴി നല്ല ഗതാഗതമാണ് നടക്കുന്നത്. മണ്ണാർക്കാട് വഴി ദൂരം കൂടുതലായതും ഇടയിൽ ഒരു ചുരം, മണ്ണാർക്കാട് നഗരത്തിലെ തിരക്ക് എന്നിവയെല്ലാം കണക്കിലെടുത്ത് ധാരാളം വാഹനങ്ങൾ ആണ് പാലക്കാട്ടു നിന്നും പെരിന്തൽമണ്ണ വഴി കോഴിക്കോട് ഭാഗങ്ങളിലേക്ക് തൂത മുണ്ടൂർ റോഡിനെ ആശ്രയിച്ച് കടന്നു പോകുന്നത്. പല ഭാഗത്തും ഇടുങ്ങിയ റോഡ് അതുപോലെ വളവുകൾ തിരിവുകൾ എന്നിവയെല്ലാം നികത്താതെയാണ് ഈ റോഡിന്റെ പണി പൂർത്തീകരിച്ചിട്ടുള്ളത്. നേരത്തെ തന്നെ റോഡിനെ കുറിച്ച് ആക്ഷേപം ഉയർന്നിട്ടുണ്ടെങ്കിലും അധികാരികൾ ഇതൊന്നും കേട്ട മട്ടേയില്ല. മാത്രമല്ല റോഡ് പലഭാഗത്തും കേടാവുന്നതും സർവ്വസാധാരണമാണ്. ഇത്രയും അസൗകര്യം എല്ലാം ഉണ്ടെങ്കിലും അമിതവേഗതയിൽ ആണ് ഈ വഴി വാഹനങ്ങൾ കടന്നു പോകുന്നത്. അറിയാവുന്ന ആളുകൾക്ക് വഴിയെക്കുറിച്ച് ധാരണയുണ്ടെങ്കിലും അറിയാത്ത ആളുകൾ വരുമ്പോൾ അപകടത്തിൽപ്പെടുന്നത് സർവ്വസാധാരണമായിട്ടുണ്ട്. ചെറിയ പ്രായത്തിലുള്ള ആളുകൾ അപകടത്തിൽപ്പെട്ട മരണമടയുമ്പോൾ ആ വീട്ടുകാരും നാട്ടുകാരും അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാകാത്തതാണ്. റോഡിന്റെ ഭാഗങ്ങളിൽ സ്പീഡ് നിയന്ത്രണ സിഗ്നലുകൾ സ്ഥാപിക്കുകയും ആവശ്യമുള്ള ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു കൊണ്ട് ഈ റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ നിയന്ത്രിച്ചില്ലെങ്കിൽ ഇനിയും അപകടങ്ങൾ സർവ്വസാധാരണമാകും എന്നതിൽ തർക്കമില്ല. കച്ചേരി കുന്നിൽ പല ഭാഗങ്ങളിലും നടപ്പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് കൈവരികൾ റോഡിലേക്ക് നീങ്ങി അപകടസാധ്യത ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. ഇത്തരം അപകട സ്ഥലങ്ങളിൽ സിഗ്നലുകൾ സ്ഥാപിച്ചുകൊണ്ട് വാഹനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഒരു അപകടം നടന്ന ശേഷം മുറവിളി കൂട്ടുന്നതിന് പകരം ശാശ്വതമായ ഒരു പരിഹാരം ഈ റോഡിന് കണ്ടില്ലെങ്കിൽ ഇനിയും ചോരതളങ്ങൾ റോട്ടിൽ കാണേണ്ടി വരും എന്നതിൽ തർക്കമില്ല.