anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചരിത്രാവർത്തനത്തിനെതിരെയുള്ള സമയോചിതമുന്നറിയിപ്പാണ് “ഒഴിയാതെ ” വൈശാഖൻ

  പാലക്കാട്.  നമ്മൾ അലംഭാവത്തോടെ വിസ്മൃതിയിലേയ്ക്കു തള്ളിക്കളയുന്ന ചരിത്രം കൂടുതൽ കരുത്തോടെ ആവർത്തിക്കപ്പെടുമെന്ന ഭീഷണി ഉയർന്നുവരുന്ന സമയത്ത്, അതിനെ പ്രതിരോധിക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ടെന്നും, അതിനായി പ്രബുദ്ധരും സാമൂഹ്യപ്രതിബദ്ധത യുള്ളവരുമായ കലാകാരന്മാർ തക്ക സമയത്തു സമയോചിത മുന്നറിയിപ്പു നൽകേണ്ടതുണ്ടെന്നും ഓർമ്മിപ്പിക്കുന്ന ചലച്ചിത്രമാണ് ” ഒഴിയാതെ ” എന്ന് പ്രസിദ്ധ സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിച്ച, ഫാറൂഖ് അബ്ദുൽ റഹിമാൻ രചനയും സംവിധാനവും നിർവ്വഹിച്ച ‘ഒഴിയാതെ’ എന്ന ചലച്ചിത്രത്തിന്റെ ട്രെയ്‌ലർ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇൻസൈറ്റ് പ്രസിഡന്റ് കെ. ആർ ചെത്തല്ലൂരിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി മുഖ്യാതിഥിയായിരുന്നു. മധ്യേഷ്യയിലെ സാംസ്‌കാരിക പ്രവർത്തകൻ ഇറാം ഗ്രൂപ് ചെയർമാൻ സിദ്ധിഖ് അഹമമദ് ആണ് ഗാനങ്ങളുടെ പ്രകാശനം നിർവ്വഹിച്ചത്. സംഗീതസംവിധായകൻ ബിജിബാൽ , ഗായകൻ പ്രണവം ശശി , ഗാന രചയിതാവ് മേതിൽ സതീശൻ, വിതരണ പ്രതിനിധി ഷാനു സലാവുദ്ധീൻ എന്നിവർ സംസാരിച്ചു.

തങ്ങളുടെ സ്‌കൂൾ ജീവിതത്തിനിടയിൽ ഉണ്ടായ ആഘാതകരമായ അനുഭവങ്ങൾ പങ്കു വെച്ച 19 പേരെ ഇൻസൈറ്റ് ഫെസ്റ്റിവൽ ഡയറക്ടർ കെ. വി. വിൻസെന്റ് പരിചയപ്പെടുത്തി അവർക്കുള്ള ഉപഹാരങ്ങൾ നൽകി.അവരെ പ്രതിനിധീകരിച്ചു നാരായണൻ വാഴക്കോട് പ്രസംഗിച്ചു. ചലച്ചിത്ര സംവിധായകൺ ഫാറൂഖ് അബ്ദുൾറഹിമാനെ ഇൻസൈറ്റ് വൈസ് പ്രസിഡന്റ് സി. കെ. രാമകൃഷ്‌ണൻ പൊന്നാടയണിയിച്ചു ആദരിച്ചു.

ശബ്ദ സന്നിവേശകൻ ഗണേഷ് മാരാർ, എഡിറ്റർ പ്രേംസായി, കലാ സംവിധായകൻ പ്രമോദ് പള്ളിയിൽ, വസ്ത്രാലങ്കാരിക ലതാമോഹൻ, ടെക്നിക്കൽ ഡയറക്ടർ സനീഷ് സി. കെ. എന്നിവരുൾപ്പെടെ” ഒഴിയാതെ” എന്ന ചലച്ചിത്തിലെ അണിയറ പ്രവർത്തകരും നടീ നടന്മാരും പങ്കെടുത്ത ഈ പരിപാടി ഒരു ജനകീയ കൂട്ടായ്മയായി മാറി. മീര ഗോപിനാഥൻ അവതാരികയായിരുന്നു. ഇൻസൈറ്റ് ഖജാൻജി മാണിക്കോത്ത് മാധവദേവ്‌ സ്വാഗതവും, ജനറൽ സെക്രട്ടറി മേതിൽ കോമളൻകുട്ടി നന്ദിയും രേഖപ്പെടുത്തി.

 

 

Spread the News

Leave a Comment