പാലക്കാട് ജില്ലാ വാർത്തകൾ ഒറ്റനോട്ടത്തിൽ
പാലക്കാട്. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതിനും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള അഭിപ്രായശേഖരണവും നടത്തി. വിദ്യാര്‍ഥികള്‍ക്കും പരിശീലനം ആവശ്യമാണ്; ഇതിനായി വിദ്യാര്‍ഥികളില്‍ നിന്നുതന്നെ വൊളന്റിയര്‍മാരെയും ട്രെയിനര്‍മാരെയും കണ്ടെത്തണമെന്നും നിര്‍ദ്ദേശം നല്കി. ജില്ലയില്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍, നിലവിലുള്ള കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നൂറോളം പേരെ ജില്ലയിലെ സ്കൂളുകളില്‍ നിയോഗിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി അറിയിച്ചു. കൗണ്‍സിലര്‍മാര്‍ക്ക് വേണ്ടി സ്കൂളുകളില്‍ പ്രത്യേക ഇടം ഒരുക്കുക, വിദ്യാര്‍ഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉള്‍പ്പെടുത്തി മാസ് ക്യാമ്പയിന് നടത്തുക, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉള്‍പ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍പ്പെടുന്ന പ്രൊപോസല്‍ ബാലാവകാശ കമ്മീഷന് അംഗമായ കെ.കെ ഷാജു അവതരിപ്പിച്ചു.
ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ബാലവകാശ കമ്മീഷന് അംഗങ്ങളായ പി ഷാജേഷ് ഭാസ്കര്‍, കെ.കെ ഷാജു, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സേതുമാധവന്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
ഗസ്റ്റ് അധ്യാപക നിയമനം
കുഴല്‍മന്ദം കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹിന്ദി, കണക്ക്, ഇലക്ട്രോണിക്സ്, മലയാളം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്കാണ് നിയമനം. യോഗ്യത- ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്ക്/ തത്തുല്യ ഗ്രേഡോടെ ബിരുദാനന്തര ബിരുദവും യുജിസി/നെറ്റ് അല്ലെങ്കില്‍ പിഎച്ച്.ഡി. മെയ് 14ന് രാവിലെ 11 ന് ഹിന്ദി, 15ന് രാവിലെ 10ന് കണക്ക്, ഉച്ചയ്ക്ക് രണ്ടിന് ഇലക്ട്രോണിക്സ്, 16ന് രാവിലെ 10ന് മലയാളം, 22ന് രാവിലെ 10 ന് കമ്പ്യൂട്ടര്‍ സയന്‍സ്, 23ന് രാവിലെ 10ന് കോമേഴ്സ്, 25ന് ഉച്ചയ്ക്ക് ഒന്നിന് ഇംഗ്ലീഷ് വിഷയങ്ങളിലാണ് അഭിമുഖം. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്ക് മെയ് 22ന് ഉച്ചയ്ക്ക് രണ്ടിന് കൂടിക്കാഴ്ച നടക്കും. യോഗ്യത- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഒന്നാം ക്ലാസോടുകൂടിയ പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഒന്നാം ക്ലാസോടുകൂടിയ അംഗീകൃത യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ ടെക്നോളജി ബിരുദം. യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922285577.
എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്ക്
വ്യവസായ വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്സിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിമാസം സംരംഭകര്‍ക്കായി നടത്തിവരുന്ന എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്ക് ചുണ്ണാമ്പുത്തറ ഇന്ദ്രാണി നഗറിലുള്ള ഐ.സി.എ.ഐ ഭവനില്‍ മെയ് 15 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സംഘടിപ്പിക്കും. രജിസ്ട്രേഷന് പാലക്കാട് താലൂക്ക് ഉപജില്ലാ വ്യവസായ ഓഫീസറുമായി ബന്ധപ്പെടുക. ഫോണ്‍: 7012233509.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ കരാര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ജില്ലയില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എന്‍/ആര്.ബി.എസ്.കെ നഴ്സ് യോഗ്യത- എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃത ജെ.പി.എച്ച്.എന്‍ കോഴ്സ് (കുറഞ്ഞത് 18 മാസത്തെ എ.എന്‍.എം കോഴ്സ്). പ്രതിമാസ വേതനം- 17,000 രൂപ. സ്റ്റാഫ് നഴ്സ് യോഗ്യത- ബി.എസ്.സി. നഴ്സിംഗ്/ജി.എന്‍.എം. പ്രതിമാസ വേതനം- 20500 രൂപ. മിഡ്-ലെവല്‍ സേവന ദാതാക്കള്‍ യോഗ്യത- 2024 ജനുവരി ഒന്നിന് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയത്തോടെ ബി.എസ്.സി നഴ്സിംഗ് അല്ലെങ്കില്‍ ജി.എന്‍.എം. പരിശീലന കാലയളവില്‍ പ്രതിമാസം 20500 രൂപ. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ യാത്രബത്തയും നല്‍കും. പ്രായപരിധി 40 വയസ്. കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന് നിര്‍ബന്ധം. www.arogyakeralam.gov.in ല്‍ മെയ് 23 ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍ 0491 2504695.
സ്കൂള്‍ കൗണ്‍സിലര്‍ നിയമനം
ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പ് മുഖേന ജില്ലയില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലിംഗ് പദ്ധതിയിലേക്ക് വനിതാ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ 21 ഐ.സി.ഡി.എസ് പ്രോജക്ടുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത- മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ സൈക്കോളജിയില്‍ എം.എ/എം.എസ്.സി അല്ലെങ്കില്‍ അപ്ലൈഡ് സൈക്കോളജിയില്‍ എം.എ/എം.എസ്.സി ഉള്ള വനിതകള്‍. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 40 വയസ്. സര്‍ക്കാര്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികളുമായി ബന്ധപ്പെട്ട കൗണ്‍സിലിംഗിലോ അധ്യാപനത്തിലോ കുറഞ്ഞത് ആറുമാസം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ‘ജില്ലാ വനിതാ ശിശുവികസന ഓഫീസ്, സിവില്‍ സ്റ്റേഷന്, പാലക്കാട് 678001’ വിലാസത്തില്‍ മെയ് 13 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0491 2911098, 9447622323.
പിഎസ്.സി സൗജന്യ പരിശീലനം
കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ പി.എസ്.സി പരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നല്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ/ ഒ.ബി.സി വിഭാഗക്കാര്‍ക്കാണ് അവസരം. ഒ.ബി.സി വിഭാഗത്തില്‍ ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം. പ്രായപരിധി എസ്.സി വിഭാഗത്തിന് 37 വയസ്, ഒബിസി -35 വയസ്. ജാതി, വരുമാനം (ഒ.ബി.സിക്കാര്‍ക്ക് മാത്രം), വിദ്യാഭ്യാസ യോഗ്യത എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം മെയ് 16ന് വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭ്യമാക്കണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റൈപന്റ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിന്റെ പകര്‍പ്പും ജില്ലാ/ബ്ലോക്ക്/ മുനിസിപ്പല്‍/പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍ 04922-273777, 9847866388.
സ്വയംതൊഴില്‍ വായ്പ പദ്ധതി
കുറഞ്ഞ പലിശനിരക്കില്‍ ജാമ്യ വ്യവസ്ഥകള്‍ക്ക് വിധേയമായി സ്വയംതൊഴില്‍ വായ്പയ്ക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് പട്ടാമ്പി ഉപജില്ലാ ഓഫീസ് അപേക്ഷ ക്ഷണിച്ചു. പട്ടാമ്പി, ഒറ്റപ്പാലം താലൂക്കുകളില്‍പെട്ട ഒ.ബി.സി/ മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണ് അപേക്ഷിക്കാനാകുക. വരുമാനദായകമായ നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിന് പദ്ധതിപ്രകാരം വായ്പ ലഭിക്കും. തയ്യല്‍, പശു വളര്‍ത്തല്‍, ആട് വളര്‍ത്തല്‍, പപ്പടനിര്‍മാണം, പേപ്പര്‍ ബാഗ് യൂണിറ്റ്, അച്ചാര്‍ നിര്‍മാണം തുടങ്ങി ചെറുകിട സംരംഭങ്ങള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും. വിവരങ്ങള്‍ക്ക് മേലെ പട്ടാമ്പി അലക്സ് തീയേറ്ററിന് സമീപമുള്ള അലക്സ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ബി.സി.ഡി.സി ഉപജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍: 0466 2210244, 9447734322
അധ്യാപക നിയമനം
ഷൊര്‍ണൂര്‍ ഗണേശ്ഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്സ് (സീനിയര്‍), ജ്യോഗ്രഫി (സീനിയര്‍), ഫിസിക്സ് (സീനിയര്‍), ഹിന്ദി (ജൂനിയര്‍), കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) എന്നീ വിഷയങ്ങളിലേക്കാണ് നിയമനം. മെയ് 25 ന് രാവിലെ 9.30 ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. ഫോണ്‍: 9400315543.
റാങ്ക്പട്ടിക കാലാവധി അവസാനിച്ചു
ജില്ലയില്‍ വിവിധ വകുപ്പുകളിലെ സെര്‍ജന്റ് (കാറ്റഗറി നമ്പര്‍: 143/2021) തസ്തികയിലേക്കുള്ള റാങ്ക്പട്ടികയുടെ കാലാവധി പൂര്‍ത്തിയായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
ഗസ്റ്റ് ലക്ചറര്‍ നിയമനം
കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന് പരിശീലന കേന്ദ്രത്തില്‍ പി.എസ്.സി, എസ്.എസ്.സി, ആര്.ആര്.ബി മത്സരപരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവിധ മത്സരപരീക്ഷാ പരിശീലന മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മണിക്കൂറിന് 500 രൂപ നിരക്കിലായിരിക്കും ഓണറേറിയം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം മെയ് 18ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 04922273777, 9847866388.
വോക്ക് ഇന്‍ ഇന്റര്‍വ്യൂ 18ന്
എന്‍.എച്ച്.എമ്മിന് നേതൃത്വത്തിലുള്ള സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസേഴ്സ് സെന്റര്‍ കേരളയില്‍ ഐ.സി.എം.ആര് പ്രോജക്റ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രോജക്റ്റ് ടെക്ക്നിക്കല്‍ സപ്പോര്‍ട്ട് രണ്ട് തസ്തികയിലാണ് ഒഴിവ്. യോഗ്യരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 18ന് രാവിലെ 9.30ന് നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ shsrc.kerala.gov.in ല്‍ ലഭിക്കും.
താല്‍ക്കാലിക നിയമനം
ജില്ലയിലെ പട്ടികവര്‍ഗ വികസന ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ഹോസ്റ്റലുകളിലെയും മലമ്പുഴ ആശ്രമം സ്കൂളിലേയും കുക്ക്/ ഹെല്‍പ്പര്‍, വാച്ച്മാന് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. കുക്ക്/ ഹെല്‍പ്പര്‍ യോഗ്യത- ഏഴാം ക്ലാസ്, പ്രായപരിധി 25- 55 വയസ്. വാച്ച്മാന് -എസ്എസ്എല്‍സി, പ്രായപരിധി 25- 50 വയസ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും മുന്‍ഗണന.
കുക്ക് തസ്തികയിലേക്ക് മെയ് 15ന് രാവിലെ 10നും വാച്ച്മാന് തസ്തികയിലേക്ക് മെയ് 16ന് രാവിലെ 10 നും അഭിമുഖം നടക്കും. ബയോഡാറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സിവില്‍ സ്റ്റേഷനിലെ പട്ടികവര്‍ഗ വികസന ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2505383.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മലമ്പുഴ വനിതാ ഐ.ടി.ഐലെ മെക്കാനിക് കണ്‍സ്യൂമര്‍ ഇലക്ട്രോണിക് അപ്ലൈയന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ (ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലി കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) ബിരുദവും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പൊതുവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മെയ് 13ന് രാവിലെ 10.30ന് ഐ.ടി.ഐയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ 0491 2815181.
പാചകക്കാരെ ആവശ്യമുണ്ട്
മുട്ടിക്കുളങ്ങരയിലെ സേവകിലേക്ക് (സെല്‍ഫ് എംപ്ലോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന് കേന്ദ്ര) കരാര്‍ അടിസ്ഥാനത്തില്‍ പാചകക്കാരെ (പുരുഷന്/സ്ത്രീ) നിയമിക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ, ഒ.ബി.സി, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കവിഭാഗത്തില്‍പെട്ട പ്രവൃത്തിപരിചയമുള്ളവരില് നിന്നാണ് അപേക്ഷ ക്ഷണിച്ചത്. അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള പുരുഷന്മാര്ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം മാനേജര്‍, സേവക്, മുട്ടികുളങ്ങര, പാലക്കാട്-678594 വിലാസത്തില്‍ മെയ് 18നകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 7559075414, 7558892580.