anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സി ഐ ഐ ഭക്ഷ്യസുരക്ഷാ അവാർഡ് 2025: മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും പുരസ്കാരം

കൊച്ചി: പ്രകൃതിദതളുടെ ഉൽപ്പാദനത്തിൽ ആഗോളതലത്തിൽ ശ്രദ്ധേയരായ മാൻ കാൻകോറിന് തുടർച്ചയായ നാലാം തവണയും സി.ഐ.ഐ ഭക്ഷ്യ സുരക്ഷാ പുരസ്കാരം. വൻകിട ഭക്ഷ്യ സംരംഭങ്ങൾക്കായുള്ള ഫുഡ് ഇൻഗ്രീഡിയന്റ്‌സ് വിഭാഗത്തിലാണ് കമ്പനി മികച്ച നേട്ടം കൈവരിച്ചത്. ഭക്ഷ്യസുരക്ഷ, ഗുണനിലവാരം, പ്രവർത്തന മികവ് എന്നിവയിൽ രാജ്യാന്തര മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിലുള്ള കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള വലിയ അംഗീകാരമാണ് ഈ പുരസ്കാരം.

ന്യൂഡൽഹിയിൽ നടന്ന പതിനാറാമത് സി.ഐ.ഐ ഫുഡ് സേഫ്റ്റി അവാർഡ് ദാന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് മന്ത്രി ചിരാഗ് പാസ്വാൻ മുഖ്യാതിഥിയായിരുന്നു. സി.ഐ.ഐ എഫ്.എസ്.ക്യു.ആർ സമ്മിറ്റ് ചെയർപേഴ്‌സണും രസ്‌ന ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ പിരൂസ് ഖംബാട്ടയിൽ നിന്ന് മാൻ കാൻകോർ ക്വാളിറ്റി ജനറൽ മാനേജർ ലക്ഷ്മീകാന്തൻ എ, ക്വാളിറ്റി അഷ്വറൻസ് സീനിയർ മാനേജർ അനുമോദ് പി.എ എന്നിവർ ചേർന്ന് ഈ പുരസ്കാരം ഏറ്റുവാങ്ങി.

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ, നിയമപരമായ കൃത്യനിഷ്ഠ, ഉൽപ്പാദന രീതികളിലെ മികവ് എന്നിവയിൽ കമ്പനി പുലർത്തുന്ന അതീവ ജാഗ്രതയുടെ ഫലമാണ് ഈ വിജയമെന്ന് മാൻ കാൻകോർ സി.ഇ.ഒ-യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. ജീമോൻ കോര പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഉപഭോക്താക്കൾക്കിടയിൽ വിശ്വാസ്യത കൂടുതൽ ഉറപ്പാക്കാൻ ഈ നേട്ടം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഏറ്റവും മികച്ച ഗുണമേന്മയുള്ളതുമായ ചേരുവകൾ ലഭ്യമാക്കാനുള്ള മാൻ കാൻകോറിന്റെ നിരന്തര പരിശ്രമങ്ങൾക്കുള്ള അം​ഗീകാരം കൂടിയാണ് ഈ അവാർഡ്. ഭക്ഷ്യസുരക്ഷയിൽ ഉയർന്ന മാനദണ്ഡങ്ങൾ പുലർത്തുന്ന സ്ഥാപനങ്ങളെ ആദരിക്കുന്നതിനും ആഗോള നിലവാരത്തിലുള്ള മാതൃകകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി അവാർഡുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. ആഗോള സ്പൈസ് എക്സ്ട്രാക്ഷൻ രംഗത്തെ മുൻനിരക്കാരായ മാൻ കാൻകോർ, ലോകത്തിലെ അഞ്ചാമത്തെ വലിയ ഫ്ലേവർ ആൻഡ് ഫ്രാഗ്രൻസ് ഹൗസായ ‘മാൻ’ (Mane) കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ്.

Spread the News

Leave a Comment