വട്ടിയൂർക്കാവ് നെട്ടയം മലമുകളിൽ കഴിഞ്ഞ ഞായറാഴ്ച രാത്രി പരസ്പരം ആയുധങ്ങളുമായി കൊലവിളി നടത്തി സംഘർഷത്തിൽ ഏർപ്പെട്ട ഇരു വിഭാഗങ്ങളെ തുരത്തി ക്രമസമാധാന പരിപാലനത്തിന് നേതൃത്വം നൽകിയ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ യെ റിട്ട. ഡി.ജി.പി.യും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ വേട്ടയാടുവാൻ ശ്രമിക്കുന്നതായി ചീഫ് സെക്രെട്ടറിക്ക് പരാതി.
ഹൈക്കോടതി അഭിഭാഷകനും പ്രമുഖ പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ആണ് ഇത് സംബന്ധിച്ച് ആർ. ശ്രീലേഖയ്ക്ക് എതിരെ ചീഫ് സെക്രെട്ടറിക്ക് പരാതി നൽകിയത്. സംഘർഷം കണ്ട് നിൽക്കുകയും നിഷ്‌ക്രിയത്വം പോലീസ് പാലിക്കണമെന്നും ഉദ്ദേശത്തോടെ മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖ പൊതു സമൂഹത്ത് ഇടപെടുന്നത് അക്രമികൾക്ക് പ്രോത്സാഹനം പകരുന്നതാണ്. പെൺകുട്ടിയെ അസഭ്യം പറഞ്ഞതായി ലഭിച്ച പരാതിയിൽ മാനദണ്ഡം പാലിച്ച് ഇരു വിഭാഗങ്ങളെയും വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ച വിളിച്ച് വരുത്തി അന്വേഷണം നടത്തിയിരുന്നു. സ്റ്റേഷനിൽ നിന്ന് തിരിച്ച് മടങ്ങിയ വ്യക്തിയെ മലമുകളിൽ വച്ച് ഒരു സംഘം തടഞ്ഞ് നിർത്തി ആക്രമിച്ചു. മർദ്ദനത്തിൽ അവശനായി പരിക്കേറ്റയാളെ ആദ്യം പേരൂർക്കട സർക്കാർ ആശുപത്രിയിലും തുടർന്ന് തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മർദ്ദന വിവരം അറിഞ്ഞു പോലീസ് എത്തുകയും കേസ് എടുക്കുവാൻ മൊഴി രേഖപ്പെടുത്തുവാൻ നടപടികൾ ആരംഭിക്കുന്നതിനിടയിൽ രാത്രിയോടെ മർദ്ദനമേറ്റയാളെ പിന്തുണച്ച് ബിജെപിയും എതിർത്ത് സിപിഎം പ്രവർത്തകരും കഴിഞ്ഞ ഞായറാഴ്ച മലമുകളിൽ സംഘടിച്ച് പരസ്പരം ആയുധങ്ങളുമായി കൊലവിളി നടത്തി പരസ്പരം ഏറ്റുമുട്ടിയതോടെ സംഘർഷം തടയാൻ പോലീസ് നിയമപരമായി ലാത്തി ചാർജ് നടത്തി. അക്രമം തടയാൻ ലാത്തി ചാര്ജും പോലീസ് ഇടപെടലും പാടില്ലായെന്ന തരത്തിൽ മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥ കൂടിയായ ആർ. ശ്രീലേഖയുടെ വട്ടിയൂർക്കാവ് എസ് എച്ച് ഓ യ്‌ക്കെതിരായ ആഹ്വാനവും പരസ്യ നീക്കങ്ങളും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും കലാപ ആഹ്വാനമായി മാത്രമേ നിയമപരമായി കാണുവാൻ കഴിയൂ. അക്രമികളെ തുരത്താൻ ലാത്തി ചാർജ് നടത്തിയതിന്റെ മറവിൽ പൊതു സമൂഹത്ത് കാവലായി നിലകൊള്ളേണ്ട സംവിധാനത്തെ രാഷ്ട്രീയ താല്പര്യത്തിനായി മാത്രം തള്ളിപ്പറയുന്ന രീതി പൊതു സംവിധാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. സംഘർഷം തടയുവാനും അക്രമികളെ വിരട്ടിയോടിച്ചതിനും പൂർവ്വ വൈരാഗ്യത്തിന്റെ മറവിൽ വട്ടിയൂർക്കാവ് എസ് എച്ച് ഒ യെ വേട്ടയാടുവാൻ റിട്ട . ഡിജിപി പദം ഉപയോഗപ്പെടുത്തുന്ന ആർ. ശ്രീലേഖയ്ക്ക് എതിരെ നടപടി ആവശ്യമെന്നും ആർ ശ്രീലേഖയ്ക്ക് എതിരെ കേസ് എടുക്കണമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു.