കോലഞ്ചേരി: കേരളത്തിൽ ഏപ്രില്‍ 9ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള നിര്‍ണ്ണായക തീരുമാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ട്വന്റി20എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. കേരളം ദീര്‍ഘകാലമായി ഇടത്-വലത് മുന്നണികള്‍ മാറിമാറി ഭരിച്ചെങ്കിലും അഴിമതി മാത്രമാണ് പൊതുവായ സവിശേഷതയെന്ന് അമിത് ഷാ ആരോപിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ യുവാക്കളെ ഈ നാട്ടില്‍തന്നെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സുന്ദര സുരഭില കേരളമാണ് എന്‍.ഡി.എയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ കേരളത്തിലെ വോട്ട് വിഹിതം 14 ശതമാനം ആയിരുന്നുവെങ്കില്‍ 2019ല്‍ ഇത് 16 ശതമാനവും 2024ല്‍ അത് 20 ശതമാനമായും ഉയര്‍ന്നിരിക്കുന്നു. ഇനി വരാനിരിക്കുന്നത് കേരളം എന്‍.ഡി.എ ഭരിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണെന്നും കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അഴിമതിക്ക് എതിരെ ശബ്ദിക്കാന്‍ സാബു ജേക്കബ് എന്ന സാധാരണക്കാരന് ഒരു പാര്‍ട്ടിയുടെ പിന്‍ബലം വേണ്ടിവന്നു. അങ്ങനെ രൂപംകൊണ്ട പാര്‍ട്ടിയാണ് ട്വന്റി20. എന്‍.ഡി.എ മുന്നണിയിലേയ്ക്ക് സാബു ജേക്കബിനെ ഒരിക്കല്‍കൂടി സ്വാഗതം ചെയ്യുന്നു. കേരളത്തിലെ ക്രിസ്തീയ സമൂഹം മാറ്റത്തിന് സമയമായത് തിരിച്ചറിഞ്ഞ് എന്‍.ഡി.എയ്ക്ക് ഒപ്പം അണിനിരക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
കൊച്ചിയുടെ വികസനത്തിനായി 2000 കോടി രൂപയുടെ സ്മാര്‍ട്ട് സിറ്റി വികസന പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 275 കോടി രൂപയാണ്. ഒപ്പം 600 കോടി രൂപയുടെ ലോണ്‍ ഗ്യാരന്റിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കി. എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും വിമര്‍ശിച്ച അദ്ദേഹം, രണ്ട് മുന്നണികളും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും, സംസ്ഥാനത്തിന് പുറത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഇവര്‍ കേരളത്തില്‍ വ്യത്യസ്തമായി മത്സരിക്കുന്നുവെന്നും ആരോപിച്ചു. മോദിസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് അനുവദിച്ചുനല്‍കുന്ന പദ്ധതികള്‍ സ്വന്തം പേരിലാക്കി പോസ്റ്റര്‍ അടിച്ചിറക്കുകയാണ് പിണറായി വിജയന്‍. കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ രണ്ട് മാസത്തിനുള്ളില്‍ എല്‍.ഡി.എഫിലെയും യു.ഡി.എഫിലെയും കള്ളന്മാരെ ജയിലില്‍ അടയ്ക്കുമെന്നും നിരവധി ക്ഷേമ-വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. വീട്ടമ്മമാര്‍ക്ക് സാമ്പത്തിക സഹായം, സൗജന്യ ഗ്യാസ് സിലിണ്ടര്‍, കുടിവെള്ള വിതരണം, എയിംസ് സ്ഥാപനം എന്നിവ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റാല്‍ കേരളത്തിലെ മുഴുവന്‍ വീട്ടമ്മമാര്‍ക്കും പ്രതിമാസം 2500 രൂപ നിരക്കില്‍ പ്രതിവര്‍ഷം 30000 രൂപ ലഭിക്കുന്ന ധന സഹായ പദ്ധതി നടപ്പിലാക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പറഞ്ഞു. 50 ശതമാനംവരെ വൈദ്യുതി സബ്‌സിഡി ഉറപ്പാക്കും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം രണ്ട് സിലിണ്ടറുകള്‍ വീതം സൗജന്യമായി നല്‍കും. തൊഴിലില്ലായ്മയില്‍ വലയുന്ന കേരളത്തിലെ യുവതലമുറയെ സംരക്ഷിക്കുന്നതിനായി സംരംഭകരായ തൊഴില്‍ ദാതാക്കള്‍ക്ക് തൊഴിലാളിക്ക് ഒരു ലക്ഷം എന്ന രീതിയില്‍ സാമ്പത്തിക പിന്തുണ നല്‍കികൊണ്ട് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുപത് ലക്ഷം തൊഴില്‍ സൃഷ്ടിക്കും. 70 കഴിഞ്ഞവര്‍, വിധവകള്‍, ഗൃഹനാഥകള്‍ എന്നിവര്‍ക്ക് 3000 രൂപ സാമൂഹിക പെന്‍ഷന്‍ ഉറപ്പാക്കും. കിഴക്കമ്പലം മോഡല്‍ ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റ് വ്യാപിപ്പിക്കും. 116 കോളനികളിലായി 280 കോടി രൂപയുടെ പുനരുദ്ധാരണ പദ്ധതി നടപ്പിലാക്കും. കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ കമ്മീഷന്‍ ഇല്ലാതെയുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. അങ്കമാലി കുണ്ടന്നൂര്‍ പാത 9500 കോടി രൂപ മുതല്‍മുടക്കില്‍ എട്ട് വരിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി ഭൂപതി രാജു ശ്രീനിവാസ വര്‍മ്മ, എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ ബാബു ദിവാകരന്‍( കുന്നത്തുനാട്), ജിബി പാത്തിക്കല്‍ (പെരുമ്പാവൂര്‍), പ്രോമി കുര്യാക്കോസ് (അങ്കമാലി), അഡ്വ. സേവ്യര്‍ ജൂലപ്പന്‍ (കൊച്ചി), ജിബി അബ്രഹാം (പിറവം), സണ്ണി കടുത്താഴെ (മൂവാറ്റുപുഴ), അജി നാരായണന്‍ (കോതമംഗലം), നെഹ്രു യുവകേന്ദ്ര വൈസ് ചെയര്‍മാന്‍ കൃഷ്ണവര്‍ധന്‍ റെഡ്ഡി, ട്വന്റി20 പാര്‍ട്ടി ചെയര്‍മാന്‍ ബോബി ജേക്കബ്, വിവിധ എന്‍.ഡി.എ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.