നിയമസഭാ തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മുമ്പും വോട്ടെടുപ്പ് ദിവസവും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടിമാധ്യമങ്ങളില്‍ നല്‍കുന്ന തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ മോണിറ്ററിങ് ആന്‍ഡ് മീഡിയ സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിയുടെ (എം.സി.എം.സി) മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒമ്പതിനും തലേദിവസമായ ഏപ്രില്‍ എട്ടിനും പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥികളും വ്യക്തികളും സമിതിയുടെ അംഗീകാരം വാങ്ങിയിരിക്കണം. പരസ്യം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന തീയതിക്ക് രണ്ട് ദിവസം മുമ്പെങ്കിലും അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയോടൊപ്പം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളും സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം.രാജ്യത്തിന്റെ സാമുദായികവും സാമൂഹികവുമായ ഐക്യത്തെ ബാധിക്കുന്നതോ മറ്റ് രാജ്യങ്ങളെ വിമര്‍ശിക്കുന്നതോ ആയ ഉള്ളടക്കങ്ങള്‍ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തരുത്. വ്യക്തിപരമായ അധിക്ഷേപങ്ങള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍, കോടതിക്കോ രാഷ്ട്രപതിക്കോ ജുഡീഷ്യറിക്കോ എതിരായ പരാമര്‍ശങ്ങള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കൂടാതെ മതസ്ഥാപനങ്ങളുടെ ചിത്രങ്ങളോ മതചിഹ്നങ്ങളോ പരസ്യങ്ങളില്‍ ഉപയോഗിക്കരുത്.