മൂവാറ്റുപുഴയില്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കും: എന്ന് സാബു എം. ജേക്കബ്ബ് മൂവാറ്റുപുഴയില്‍ കഴിഞ്ഞ 20 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന മുഴുവന്‍ പദ്ധതികളും അടത്തു അഞ്ചു വര്‍ഷത്തിനുളളില്‍ പൂര്‍ത്തിയാക്കുമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20-എന്‍ഡിഎ സ്ഥാനാര്‍ത്ഥി സണ്ണി കടൂത്താഴെയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച എന്‍ഡിഎ മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുത്തിയ ആങ്കമാലി- കുണ്ടന്നൂര്‍ ആറുവരിപാത സംബന്ധിച്ച വിഷയം കേന്ദ്ര ഗതാഗതമന്ത്രി നിഥിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആറുവരിപ്പാത 9500 കോടി മുതല്‍മുടക്കുള്ള എട്ടുവരി പാതയായി ഉയര്‍ത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്. 114 വര്‍ഷം പഴക്കമുള്ള സഭാ തര്‍ക്കം അവസാനിപ്പിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ഇടത്-വലത് സര്‍ക്കാരുകള്‍ക്ക് അവസാനിപ്പിക്കാമായിരുന്ന സഭാ തര്‍ക്കം, മുട്ടനാടുകളെ തമ്മിലിടിപ്പിച്ച് ചോരകുടിക്കുന്ന ചെന്നായയെപ്പോലെ ഇരു മുന്നണികളും വോട്ടിനായി ഉപയോഗിച്ചുപോന്നു. എന്നാല്‍ സഭാ മേലധ്യക്ഷന്മാര്‍ക്ക് പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാന്‍ അവസരം ഉണ്ടാക്കുകവഴി ഈ പ്രശ്നത്തിനും പരിഹാരം കാണുവാനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ സാധിച്ചു. ഇരുസഭകള്‍ക്കും നീതി ഉറപ്പാക്കിക്കൊണ്ട് ഈ പ്രശ്നം പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. ആറ് മാസങ്ങള്‍ക്കുള്ളില്‍ സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് തന്നിട്ടുണ്ടെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികള്‍ അടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ അതിന്യൂനപക്ഷമായ വിഭാഗങ്ങള്‍ വംശനാശ ഭീഷണിയിലാണ്. ഇവരെ സംരക്ഷിക്കുന്നതിനായി പരിഗണിക്കണമെന്ന് സഭാ മേലധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഈ വിഭാഗങ്ങള്‍ക്ക് സാമ്പത്തിക, തൊഴില്‍ സംവരണങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കാമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. എന്‍.ഡി.എയില്‍ ചേരുകവഴി വെറും രണ്ട് മാസംകൊണ്ട് ട്വന്റി20ക്ക് ഇത്രയും നേട്ടം കൈവരിക്കാനായെങ്കില്‍ വരുന്ന അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് നമുക്ക് ഈ നാടിനുവേണ്ടി എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്നതും ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി. പി സജീവ് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സണ്ണി കടൂത്താഴെ, ബിജെപി മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ടി. ചന്ദ്രന്‍, വാഴക്കുളം മണ്ഡലം പ്രസിഡന്റ് ബി. ബിനുകുമാര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍ പി. മോഹന്‍, എന്‍ ഡി എ ഇലക്ഷന്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ മാത്യു, ട്വന്റി 20 നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍, വൈസ്പ്രസിഡന്റ്മാരായ അഡ്വ. ഹിസ്റ്റി എം സാനി, ഡോ. ഷര്‍മിള, ബെന്നി തോമസ്, എന്‍ ഡി എ നേതാകളായ വില്‍സണ്‍ എം. എസ്, വി. സി ഷാബു, എ എസ് വിജുമോന്‍, അജീഷ് തങ്കപ്പന്‍, കെ. കെ. അനീഷ് കുമാര്‍, ശ്രീജിത്ത് നാരായണന്‍, അഡ്വ. സി. വി. ജോണി തുടങ്ങിയവര്‍ സംസാരിച്ചു