നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാർഥികളും വ്യക്തികളും നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അംഗീകാരം നിർബന്ധം. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ഫോമിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സർട്ടിഫിക്കേഷനായി അപേക്ഷ നൽകണം. പരസ്യം പ്രക്ഷേപിക്കാൻ നിശ്ചയിച്ച മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് അപേക്ഷയിൽ വ്യക്തമാക്കണം.
പോളിംഗ് ദിവസവും പോളിംഗിനു തൊട്ടു തലേ ദിവസവും അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങൾക്കും എം.സി.എം.സിയുടെ മുൻകൂർ അംഗീകാരം ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവുകൾ ബന്ധപ്പെട്ട സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് ജില്ലയിലെ 12 മണ്ഡലങ്ങളിലേയും തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ജില്ലാ കളക്ടർ അധ്യക്ഷയായ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകന് സർട്ടിഫിക്കറ്റ് നൽകും.
*നിയമസഭാ തിരഞ്ഞെടുപ്പ്; പരാതികൾ അറിയിക്കാം*
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഹെൽപ്പ് ലൈൻ ആൻഡ് പരാതി പരിഹാര സെൽ നോഡൽ ഓഫീസായ ജില്ലാ പ്ലാനിങ് ഓഫീസിലെ 0491 2500117 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് അറിയിക്കാമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.
*നിയമസഭാ തിരഞ്ഞെടുപ്പ്: ലെയ്‌സൺ ഓഫീസർമാരെ നിയമിച്ചു*
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയുടെ ചുമതലയുള്ള ഒബ്‌സർവർമാരുടെ സഹായത്തിനായി ലെയ്‌സൺ ഓഫീസർമാരേയും മറ്റ് ജീവനക്കാരെയും നിയമിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടർ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി. ഒൻപത് ലെയ്‌സൺ ഓഫീസർമാരെയാണ് നിയോഗിച്ചത്. നോഡൽ ഓഫീസറായ എൽ എസ് ജി ഡി അസി. ഡയറക്ടർ ആനന്ദ് എസ് കുമാറിനാണ് ഏകോപന ചുമതല. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായ ടി എസ് അബിനാണ് അസിസ്റ്റന്റ് നോഡൽ ഓഫീസർ. ഉദ്യോഗസ്ഥർ ജനറൽ/എക്‌സ്‌പെൻഡിച്ചർ/പോലീസ് ഒബ്‌സർവർമാരുടെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുക.