anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേർന്നു*

പാലക്കാട്.    ജില്ലയിലെ ബാങ്കുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം പുലർത്തണമെന്നും, വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് ജില്ലയിൽ പ്രതീക്ഷിക്കുന്ന വികസനത്തിൽ ബാങ്കുകൾ സുപ്രധാന പങ്ക് വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി അധ്യക്ഷയായി. നിയമസഭ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതോടെ, പണമിടപാടുകളിൽ സൂക്ഷ്മത പുലർത്താൻ ബാങ്കുകൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. കെ.സി.സി വായ്പകളുടെ തോത് കുറയുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കളക്ടർ, വിദ്യാഭ്യാസ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകളുടെ പ്രകടനത്തിൽ മാറ്റം വരണമെന്നും അഭിപ്രായപ്പെട്ടു.

2025-2026 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ 32649 കോടി രൂപ ജില്ലയിലെ ബാങ്കുകൾ വായ്പയായി നൽകി. ഇത് വാർഷിക ക്രെഡിറ്റ് പദ്ധതിയുടെ 91.71 ശതമാനം ആണ്. 13360 കോടി രൂപ കാർഷിക മേഖലയ്ക്കും, 3838 കോടി രൂപ മൈക്രോ സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസുകൾക്കും, 1417 കോടി രൂപ വിദ്യാഭ്യാസ-ഭവന വായ്പകൾ ഉൾപ്പെടെ മറ്റ് മുൻഗണനാ മേഖലകൾക്കുമായി നൽകി. ആകെ വായ്പയിൽ 18616 കോടി രൂപ മുൻഗണനാ മേഖലകൾക്ക് നൽകിയതാണ്. 2025 ഡിസംബർ 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 47577 കോടി രൂപയും, നിക്ഷേപം 64613 കോടി രൂപയുമാണ്.

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പാലക്കാട് നഗരസഭ വൈസ് ചെയർപേഴ്സൺ ടി ബേബി ബാങ്കുകളുടെ പ്രാധാന്യം, സമൂഹത്തിൽ ബാങ്ക് മാനേജർമാർ വഹിക്കുന്ന പങ്ക് എന്നിവയെ സംബന്ധിച്ച് സംസാരിച്ചു. കനറാ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എച്ച്.എസ് ആനന്ദ മുഖ്യപ്രഭാഷണം നടത്തി. ലീഡ് ഡിസ്ട്രിക്റ്റ് മാനേജർ പി.ടി അനിൽ കുമാർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസർ എം മുത്തുകുമാർ, മാനേജർ എൻ.എസ് അമൽ, നബാർഡ് ജില്ലാ അസിസ്റ്റന്റ് ജനറൽ മാനേജർ കവിത റാം, ലീഡ് ബാങ്ക് ഓഫീസർ ബി രൂപലേഖ എന്നിവർ സംസാരിച്ചു. വിവിധ ബാങ്ക്-സർക്കാർ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

Spread the News

Leave a Comment