ചെർപ്പുളശ്ശേരി. കഥകളി അരങ്ങിന് നിത്യശോഭ പകർന്ന അന്തരിച്ച കഥകളി നടൻ പത്മഭൂഷൻ ഡോക്ടർ കലാമണ്ഡലം രാമൻകുട്ടി നായരുടെ പതിമൂന്നാം ചരമവാർഷികം നിവാപം എന്ന പേരിൽ നാളെ വെള്ളിനേഴി ഗവൺമെന്റ് എൽ പി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ചെർപ്പുളശ്ശേരിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാമൻകുട്ടി നായരുടെ സ്മരണാർത്ഥം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ നിവാപം പുരസ്കാരം കഥകളി നടൻ കലാമണ്ഡലം ഗുരുവായൂർ ഹരിദാസിന് സമ്മാനിക്കും. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ ഗ്രാമകലാ പുരസ്കാരം തറ കലാകാരൻ പാറക്കുണ്ടിൽ നാരായണനും, യുവ കലാകാരൻ മാർക്ക് ആശാന്റെ കുടുംബം നൽകുന്ന രാജസം പുരസ്കാരം ചെണ്ട കലാകാരൻ കോട്ടക്കൽ വിജയരാഘവനും സമ്മാനിക്കും.
നാളെ വൈകിട്ട് 6 30ന് നടക്കുന്ന അനുസ്മരണ സമ്മേളനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സുരേഷ് കുമാർ അധ്യക്ഷതവഹിക്കും എംഎൽഎമാരായ പി മമ്മിക്കുട്ടി, അഡ്വക്കേറ്റ് പ്രേംകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. പൊതു സമ്മേളനത്തിന് ശേഷം നടക്കുന്ന സന്താനഗോപാലം കഥകളി ചടങ്ങിന് മാറ്റുകൂട്ടും. ചെർപ്പുളശ്ശേരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, ടി രാമൻകുട്ടി, ഹരി നാരായണൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു