anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കഴിഞ്ഞ അഞ്ച് വർഷത്തിൽ കെ എസ് എഫ് ഇ യിൽ 3900 പേർക്ക് നിയമനം നൽകി: മന്ത്രി കെ എൻ ബാലഗോപാൽ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 3900 പേർക്ക് കെ എസ് എഫ് ഇയിൽ നിയമനം നൽകിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. കെഎസ്എഫ്ഇ ഗാലക്സി ചിട്ടി മെഗാ മെമ്പർ സമ്മാനവിതരണത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കര അമ്പലക്കര മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളിൽ കെ എസ് എഫ് ഇ ഒന്നാം സ്ഥാനത്താണ്. 1,12,856 കോടി രൂപയുടെ ഇടപാടുകളാണ് കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത്. ഉയർന്ന സേവനവേതന വ്യവസ്ഥ നൽകുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇ. 167 ഓഫീസ് അറ്റൻഡർമാർ ഉൾപ്പെടെ കെ എസ് എഫ് ഇ യിലെ ബാക്കിയുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ ഉടൻ നിയമിക്കും. വിദ്യാഭ്യാസലോൺ, പ്രവാസിലോൺ ഉൾപ്പെടെയുള്ള പദ്ധതികൾ ഏറെ ജനോപകാരമാണ്. കെ എസ് എഫ് ഇയുടെ ഫണ്ട്‌ ഉപയോഗിച്ച് വയനാട് ചൂരൽമലയിലെ ദുരിതബാധിതർക്ക് ആശുപത്രി ബ്ലോക്ക്‌ നിർമിച്ചത് മാതൃകാപരമായ പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു.

കൊട്ടാരക്കര നഗരസഭാ ചെയർപേഴ്സൺ അനിതാ ഗോപകുമാർ അധ്യക്ഷയായി. കെ.എസ്.എഫ്.ഇ. കഴിഞ്ഞ സാമ്പത്തിക വർഷം അവതരിപ്പിച്ച ഗാലക്സി ചിട്ടി വരിക്കാർക്കുള്ള മെഗാ സമ്മാനമായ മെഴ്‌സിഡസ് ബെൻസ് കാർ ഇരിങ്ങാലക്കുട സ്വദേശി കെ വി ഷക്കീലിന് മന്ത്രി കൈമാറി. മേഖലാതല സമ്മാനങ്ങളായി പ്രഖ്യാപിച്ച 17 ഇന്നോവ ക്രിസ്റ്റ കാറുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ആർ അരുൺ ബാബു മുഖ്യാതിഥിയായി.

കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ചന്ദ്രശേഖർ, കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ എ. ഷാജു, ക്ഷേമകാര്യ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി രാമകൃഷ്ണപിള്ള, വാർഡ് കൗൺസിലർ എൽ.മിനി,
കെ.എസ്.എഫ്.ഇ മാനേജിംഗ് ഡയറക്ടർ ഡോ. എസ്. കെ. സനിൽ, മൈലം തുടങ്ങിയവർ പങ്കെടുത്തു.

Spread the News

Leave a Comment