ചെർപ്പുളശ്ശേരി. നഗരത്തിൽ ചന്തം ചാർത്തി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ കാളവേല പ്രദക്ഷിണം വെച്ചപ്പോൾ നൂറുകണക്കിന് ആളുകൾ ആ മഹാ സംഭവത്തിന് സാക്ഷികളായി.
മൂന്നുമണിയോടെ വിവിധ പ്രദേശങ്ങളിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ കാളക്കോലങ്ങൾ വഹിച്ച ചെറു സംഘങ്ങൾ അയ്യപ്പൻകാവ് ലക്ഷ്യമാക്കി നടന്നു നീങ്ങി. വൈകുന്നേരം ആയതോടെ 60ലധികം ജോഡി ഇണക്കാളകൾ ക്ഷേത്രനഗരിയിൽ പ്രദക്ഷിണം ചെയ്ത് ജനങ്ങൾക്ക് കുളിരേകി. നഗരവീഥികൾ നല്ല രീതിയിൽ തന്നെ നവീകരിച്ചത് കൊണ്ട് കാളകൾക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ തീരെ പ്രയാസം ഉണ്ടായില്ല. മാത്രമല്ല വൈദ്യുത ലൈനുകൾ നല്ല മുകളിലൂടെ സ്ഥാപിച്ചതിനാൽ അത്തരം തടസ്സങ്ങളും ഇത്തവണ കാണാനായില്ല. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം വിതറിയാണ് ഓരോ കാളകളും ഇത്തവണ അണിനിരന്നത്.
ആധുനിക രീതിയിൽ പണി കഴിച്ച കാളക്കൊലങ്ങൾ വ്യത്യസ്തതരം വാദ്യഘോഷങ്ങളോടെ നഗരം ചുറ്റിയപ്പോൾ പ്രേക്ഷകർക്ക് അത് നവ്യാനുഭൂതി പകർന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് ആളുകൾ ഈ വർണ്ണ മേള കാണാൻ പാതയോരങ്ങളിൽ തടിച്ചു കൂടിയിരുന്നു. പ്രസിദ്ധമായ പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം നാളെ നടക്കും. താലപ്പൊലി കഴിയുന്നതോടെ രാമായണം തോൽപാവ കൂത്തിനും സമാപനമാകും…
ചിത്രങ്ങൾ… പ്രസാദ്
